ഇന്ന് ഒക്ടോബർ പത്ത്, ലോക മാനസികാരോഗ്യ ദിനം. ലോക മാനസികാരോഗ്യദിനത്തിൽ ലോകാരോഗ്യ സംഘടന മുന്നോട്ട് വയ്ക്കുന്ന ആശയം മാനസികാരോഗ്യ രംഗത്ത് കൂടുതൽ നിക്ഷേപം എന്നതാണ്. ലോകത്ത് ഏതാണ്ട് നൂറ് കോടിയിലധികം ജ0നങ്ങൾക്ക് മനോരോഗം ഉണ്ട്. അതിൽ 75 ശതമാനം പേർക്കും ശരിയായ ചികിത്സ ലഭിക്കുന്നില്ല എന്ന് മനസിലാകുമ്പോഴാണ് ഇതിന്റെ പ്രാധാന്യം നാം തിരിച്ചറിയേണ്ടത്.

മറ്റേത് കാലഘട്ടങ്ങളേക്കാൾ അധികമായി സാധാരണ ജനങ്ങൾക്ക് സമ്മർദങ്ങളെ നേരിടേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.

എന്താണ് മാനസികാരോഗ്യം?

മനോരോഗം ഇല്ലാത്ത അവസ്ഥ മാത്രമല്ല മാനസികാരോഗ്യം. ഓരോ വ്യക്തിയും അവനവന്റെ സാഹചര്യങ്ങളേയും പ്രാപ്തിയേയും മനസിലാക്കി ജീവിതത്തിൽ സാധാരണയായി ഉണ്ടാകുന്ന സമ്മർദങ്ങളെ അതിജീവിച്ച് ഫലപ്രദമായി ജോലി ചെയ്ത് ഉത്തരവാദിത്തം നിറവേറ്റി സമൂഹത്തിന് ഗുണകരമായി തീരുന്ന ക്ഷേമാവസ്ഥയ്ക്കാണ് മാനസികാരോഗ്യം എന്ന് പറയുന്നത്.

മാനസികീരോഗ്യവുമായി ബന്ധപ്പെട്ട് നമ്മെ ഞെട്ടിക്കുന്ന ചില വസ്തുതകൾ നോക്കാം

  1. പതിനാല് വയസിന് മുൻപാകും ഏതാണ്ട് പകുതിയോളം മാനസിക രോഗങ്ങൾ ഉടലെടുക്കുന്നത്
  2. അഞ്ചിൽ ഒന്ന് കുട്ടികൾക്ക് ഏതെങ്കിലും ഇത്തരത്തിലുള്ള മനോരോഗം ഉണ്ടായേക്കാം
  3. ഡിപ്രഷൻ അഥവാ വിഷാദരോഗം ആണ് ലോകത്തെ ഏറ്റവും കൂടുതൽ ഗ്രസിച്ചിരിക്കുന്ന മനോരോഗം.
  4. കലഹങ്ങളിൽ ഏർപ്പെടുന്നവരിൽ ഗുരുതരമായ മനോരോഗമുള്ളവരുടെ സംഖ്യ ഏകദേശം 12 ശതമാനം ആണ്.
  5. ഗുരുതര മനോരോഗികളിൽ ആയുർദൈർഘ്യം 10-20 വർഷം വരെ കുറവായിരിക്കും.
  6. ഉത്കണ്ട, വിഷാദ രോഗികൾ മൂലം ലോക സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ഏതാണ്ട് ഒരു ലക്ഷം കോടിയോളം ഡോളർ ആണ്.

മാനസിക രോഗത്തിനുള്ള പത്ത് കല്പനകൾ

  1. സ്വാഭിമാനം വർധിപ്പിക്കുക.

അവനവനെ കുറിച്ച് ഒരു മതിപ്പുണ്ടാകേണ്ടത് ആവശ്യമാണ്. അങ്ങനെ മതിപ്പ് ഇല്ലാത്തപ്പോഴാണ് എന്തെങ്കിലും ചെയ്യാനുള്ള ഉത്സാഹ കുറവിലേക്കും പിന്നീട് വിഷാദ രോഗത്തിലേക്കും അനുബന്ധ പ്രശ്‌നങ്ങളിലേക്കും എത്തിച്ചേരുന്നതിന് ഒരു കാരണം.

  1. ശാരീരികാരോഗ്യം സംരക്ഷിക്കുക

ശരീരം ഒരു കർമ്മ സ്ഥാപനം എന്നാണല്ലോ. ഏത് നല്ല കർമ്മവും ചെയ്യുന്നതിന് ആവശ്യം വേണ്ടത് ശാരീരികാരോഗ്യം ആണെന്ന് ചുരുക്കം. മാനസിക രോഗങ്ങൾ ശരീരത്തെയും, ശാരീരിക അസ്വസ്ഥതകൾ മനസിനെയും ബാധിക്കും എന്നത് കൊണ്ട് ശാരീരികാരോഗ്യം സംരക്ഷിക്കുന്നത് മാനസികാരോഗ്യത്തിനും ഗുണകരമാണ്.

  1. മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം എന്ന കവി വചനം മാനസികാരോഗ്യത്തിനും ബാധകമാണ്. പോസിറ്റീവ് ആയി ചിന്തിക്കുന്നവരുമായി, നല്ല ആളുകളുമായി സഹവസിക്കുന്നത് മാനസികാരോഗ്യത്തിന് ഉത്തരമമാണ്.
  2. ഒരു പാലമിട്ടാൽ അങ്ങോട്ടുമങ്ങോട്ടുമെന്ന പഴഞ്ചൊല്ല് പോലെയാണ് ഇന്നത്തെ സമൂഹം. നമുക്ക് പ്രയോജനമുള്ളത് മാത്രമേ നാം ചെയ്യൂ എന്ന അവസ്ഥയിലെത്തി കാര്യങ്ങൾ. എന്നാൽ നിസ്വാർത്ഥമായി മറ്റുള്ളവരെ സഹായിക്കുന്നത് മാനസികാരോഗ്യം കാത്ത് സൂക്ഷിക്കുന്നതിന് നല്ലതാണ് എന്നറിയുക. അതുകൊണ്ടാണ്, കൊടുക്കുന്നതാണ് വാങ്ങുന്നതിലും ഉത്തമമെന്ന് മഹദ്ഗ്രന്ഥങ്ങൾ ഉത്‌ബോധിപ്പിക്കുന്നത്.
  3. പ്രഷർ കുക്കറിന്റെ സേഫ്റ്റി വാൽവിലും ഔട്ട്‌ലെറ്റ് ട്യൂബിലും ഭക്ഷണ സാധനങ്ങൾ അടഞ്ഞിരുന്നാൽ ഉള്ളിലെ പ്രഷർ കൂടി കുക്കർ പൊട്ടിത്തെറിക്കും. ആധുനിക മനുഷ്യൻ ഒരു പ്രഷർ കുക്കർ തന്നെയാണ്. ദിവസവും ഉണ്ടാകുന്ന പ്രഷർ പുറന്തള്ളുവാൻ ഉതകുന്ന ഔട്ട്‌ലെറ്റ് ട്യൂബും സേഫ്റ്റി വാൽവും ഒക്കെ നമുക്കുണ്ടോ എന്ന് സ്വയം പരിശോധിക്കണം. അത് ജീവിത പങ്കാളിയാകാം, നല്ല സൗഹൃദങ്ങളാകാം, ഹോബീസും പാഷണുമാകാം, മറ്റേതെങ്കിലും സംഗതികളാകാം അവനവന്റെ മനസിന് ഉൻമേഷം പരത്തുന്നത് എന്താണെന്ന് മനസിലാക്കി ടെൻഷനെ അതിജീവിക്കും.
  4. ഇന്നിൽ ജീവിക്കുക….

ഭൂതകാലത്തിലെ നഷ്ടങ്ങളുടെയും വേദനകളുടെയും കണക്കു പുസ്തകം മറിച്ച് നോക്കിയും, ഭാവികാലത്തെ കുറിച്ചുള്ള ആശങ്കയിലും, അനിശ്ചിതത്വങ്ങളിലും അമർന്നുപോകാതെ ഇന്നിൽ ജീവിക്കുക. നിങ്ങളുടെ ചിന്തകളും, പ്രവർത്തികളും ഇന്നിനെ കുറിച്ച് മാത്രമാകട്ടെ.

  1. നമ്മൾ ജീവിത ലക്ഷ്യങ്ങൾ രൂപപ്പെടുത്തുന്നത് യാഥാർത്ഥ്യ ബോധത്തോടെയാവണം. നിരാശ ജീവിതത്തിൽ കടന്ന് കൂടിയാൽ അത് മനസിനെയും ശരീരത്തെയും ഒരു പോലെ ബാധിക്കും. അതുകൊണ്ട് ആദ്യത്തെ ലക്ഷ്യം നടന്നില്ലെങ്കിൽ മറ്റൊരു പ്ലാൻ ബി നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തിൽ ഉണ്ടാകണമെന്ന് സാരം.
  2. ലഹരി ഉപയോഗം ഒഴിവാക്കുക, ജീവിത ലക്ഷ്യങ്ങളെ ലഹരിയാക്കുക.
  3. ടി.വി പരിപാടികളുടെ ഇടയിൽ കൊമേഴ്‌സ്യൽ ബ്രേക്ക് എടുക്കുന്നത് പോലെ നമ്മുടെ ജീവിത ചര്യയിലെ വിരസതകൾ ഒഴിവാക്കാൻ ഇടയ്ക്ക് അൽപം വേറിട്ട് സഞ്ചരിക്കുന്നത് നല്ലതാണ്. ഇടയ്ക്ക് പ്രിയപ്പെട്ടവരോടൊപ്പം യാത്ര പോകുന്നതും, കൂട്ടുകാരോടൊപ്പം ഒരു സായാഹ്ന യാത്ര പോകുന്നതും, കൂട്ടുകാരോടൊപ്പം ഒരു സായാഹ്നം പങ്കിടുന്നതും ഒരു സിനിമയ്ക്ക് പോകുന്നതും ഒക്കെ ജീവിതചര്യയിലെ വിരസത ഒഴിവാക്കും.
  4. സ്വയം ഹാൻഡിൽ ചെയ്യാൻ പറ്റാത്ത വിഷയങ്ങളിൽ തളർന്ന് പോകുകയല് വേണ്ടത്. വിദഗ്ധരുടെ സഹായം തേടുകയാണ് വേണ്ടത്. വിവിധ മേഖലയിലെ സഹായത്തിനായി സംഘടനകളും വ്യക്തികളും നിങ്ങൾക്ക് ചുറ്റും ഉണ്ടെന്ന് ഓർക്കുക. ഹൃദയ സംബന്ധമുള്ള ഒരാളോട് കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ തന്നെ അത് നൽകുന്ന ആശ്വാസം വലുതാണ്.

ചുരുക്കത്തിൽ ഒരാളുടെ മാനസികാരോഗ്യമാണ് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ യോഗ്യത. മിക്ക മൾട്ടിനാഷണൽ കമ്പനികളിലും തങ്ങളുടെ ജീവനക്കാരെ പ്രത്യേകിച്ച് മാനേജ്യരൽ പോസ്റ്റിലേക്ക് തെരഞ്ഞെടുക്കുന്നത് അവരുടെ ഇമോഷ്ണൽ കോഷ്യന്റ് അല്ലെങ്കിൽ ഇമോഷണൽ ഇന്റലിജൻസ് നോക്കിയിട്ടാണ് എന്നത് ഇന്നത്തെകാലത്തെ പ്രത്യേകതയാണ്. ഒരുപാട് ഐ.ക്യു ഉള്ളവനെകാളും മെച്ചം സാധാരണ ഐ.ക്യുവും വും മികച്ച ഇ.ക്യുവും ഉള്ളവനാണ് എന്ന് ചുരുക്കം. അതിനാൽ തന്നെ പുതു തലമുറ തങ്ങളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായി മുന്നിട്ടിറങ്ങണം. ഇപ്രകാരം സ്വയം വിലയിരുത്തി, ആളുകൊണ്ടും അർത്ഥം കൊണ്ടും അധ്വാനം കൊണ്ടും നമ്മുടെ മാനസികാരോഗ്യ രംഗത്തെ പരിപോഷിപ്പിക്കാം.

അങ്ങനെ ഈ ദിനം കൊണ്ടാടുന്നത് അന്വർത്ഥമാക്കുവാൻ സമൂഹവും സർക്കാരും ഒരുപോലെ കൈ കോർത്ത് സമാധാനപൂർവവും സംതൃപ്തവുമായ മനസിന്റെ പ്രസന്നത കൈവരിക്കാൻ നമുക്ക് പരിശ്രമിക്കാം.