ഇന്ന് ലോക പരിസ്ഥിതി ദിനം. ജൈവവൈവിധ്യം ആഘോഷമാക്കുക എന്നാണ് ഇത്തവണത്തെ പരിസ്ഥിതിദിന മുദ്രാവാക്യം.
എല്ലാ വര്‍ഷവും ജൂണ്‍ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയാണ് 1972 മുതല്‍ ഈ ദിനാചരണം ആരംഭിച്ചത്.
ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാര്‍ബണ്‍ ഡൈഓക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാര്‍ബണുകള്‍ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോണ്‍ പാളികളുടെ തകര്‍ച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, അതുവഴി ആഗോള പാര്‍സ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാര്‍ബണ്‍ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോണ്‍ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീന്‍ ഹൌസ് വാതകങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.
മഹാവ്യാധിയുടെ കാലത്താണ് ഈ പരിസ്ഥിതി ദിനം കടന്നുപോകുന്നത്. ലോക്ഡൗണ്‍ കാലത്ത് മനുഷ്യന്‍ വീട്ടകങ്ങളിലേക്ക് മടങ്ങിയപ്പോള്‍ പ്രകൃതി അതിന്‍റെ സ്വാഭാവികതയിലേക്ക് മടങ്ങുന്ന കാഴ്ചകള്‍ കണ്ടു. കിളിയൊച്ചകള്‍ തിരികെയെത്തി, അരുവികളും ആകാശവും തെളിഞ്ഞു, പൂക്കള്‍ പുഞ്ചിരിച്ചു. മനുഷ്യന്റെ ഇടപെടല്‍ കുറയുംതോറം സ്വച്ഛമാകുന്ന പ്രകൃതി നല്ല സൂചനയല്ല. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറഞ്ഞ, കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധിയില്ലാത്ത, മാലിന്യമൊഴിഞ്ഞ, സുസ്ഥിരമായ കാലാവസ്ഥയുള്ള, വിസ്തൃതവനങ്ങളും പച്ചപ്പും പ്രകൃതിസൗഹൃദ ബോധമുള്ള മനുഷ്യരും നിറഞ്ഞ നല്ല ഭൂമി അടുത്ത തലമുറയ്ക്ക് കൈമാറാന്‍ നമുക്ക് ബാക്കിവേണം.