ബര്‍ലിന്‍: കോവിഡ് ഡെല്‍റ്റ വകഭേദം പടര്‍ന്നുപിടിച്ച ഇന്ത്യ, ബ്രിട്ടന്‍, പോര്‍ചുഗല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പെടുത്തിയ യാത്ര വിലക്ക് ജര്‍മനി നീക്കി. ഇന്ത്യ, നേപ്പാള്‍, റഷ്യ, പോര്‍ചുഗല്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളെ പട്ടിക മാറ്റി തരംതിരിച്ചതായി ദ റോബര്‍ട്ട് കോച് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
ഇതോടെ ജര്‍മനിയിലെ താമസക്കാരോ പൗരന്‍മാരോ അല്ലാത്തവര്‍ക്കും രാജ്യത്തേക്ക് കടക്കാന്‍ തടസ്സങ്ങള്‍ ഇല്ലാതാകും. എന്നാല്‍ ക്വാറന്‍റീന്‍, കോവിഡ് പരിശോധനാ കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവുകയില്ല.
കോറോണ വൈറസിെന്റ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അവ സ്വന്തം മണ്ണിലേക്ക് കടക്കാതിരിക്കാനായിട്ടാണ് ജര്‍മനി വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളെ തരംതിരിച്ചത്. എന്നാല്‍ ഡെല്‍റ്റ വകഭേദം ജര്‍മനിയിലും അതിവേഗം പടര്‍ന്നുപിടിക്കുകയാണെന്നും അതിനാല്‍ മറ്റ് രാജ്യക്കാര്‍ക്കുള്ള യാത്ര വിലക്ക് എടുത്ത് കളയുമെന്നും ആരോഗ്യ മന്ത്രി ജെന്‍സ് സ്ഫാന്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്സിനുകള്‍ ഫലപ്രദമാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ബ്രിട്ടനില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള വിലക്ക് നീക്കുമെന്ന് ലണ്ടന്‍ സന്ദര്‍ശിച്ച വേളയില്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും സൂചന നല്‍കിയിരുന്നു.
എന്നാല്‍ ഇപ്പോഴും ഡെല്‍റ്റ വകഭേദം പടര്‍ന്നുപിടിക്കുന്ന ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ജര്‍മനിയുടെ യാത്ര വിലക്ക് നിലനില്‍ക്കുന്നുണ്ട്.



