ന്യൂഡല്‍ഹി: ലഡാക്‌ അതിര്‍ത്തിയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന്‌ ഇന്ത്യന്‍ സൈന്യം. അത്തരത്തിലൊരു ഏറ്റുമുട്ടല്‍ ഉണ്ടായിട്ടില്ലെന്നും അതിര്‍ത്തിയിലെ പ്രശ്‌നങ്ങളോടു ചേര്‍ത്തു വീഡിയോ പ്രചരിപ്പിക്കുന്നതിനു പിന്നിലുള്ളതു ദുരുദ്ദേശമാണെന്നും സൈനികവക്‌താവ്‌ പറഞ്ഞു.ദേശീയ സുരക്ഷയെപ്പോലും ബാധിക്കുന്ന തരത്തില്‍ പ്രശ്‌നങ്ങളെക്കുറിച്ചു ചിലര്‍ പ്രചാരണം നടത്തുന്നതു ദുരുദ്ദേശപരമായാണ്‌.

ഇത്തരം വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ ഒരു കാരണവശാലും സംപ്രേഷണം ചെയ്യരുതെന്ന്‌ അഭ്യര്‍ഥിക്കുകയാണെന്നും സൈനികവൃത്തങ്ങള്‍ വ്യക്‌തമാക്കി.അതിര്‍ത്തിയിലെ തര്‍ക്കത്തിനു ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്താനാണ്‌ ശ്രമിക്കുന്നത്‌. ഇന്ത്യയും ചൈനയും ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കുമെന്നു വിദേശകാര്യമന്ത്രി രാജ്‌നാഥ്‌ സിങ്‌ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പ്രശ്‌നത്തില്‍ മധ്യസ്‌ഥം ആവശ്യമില്ലെന്ന്‌ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക്‌ എസ്‌പറുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലും രാജ്‌നാഥ്‌ അറിയിച്ചു. മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നാണു ചൈനയുടെയും നിലപാട്‌.