പോൾ ഡി പനയ്ക്കൽ

ന്യൂ യോർക്ക് സംസ്ഥാനത്തെ ഇന്ത്യൻ നഴ്‌സുമാരുടെ പ്രൊഫഷണൽ സംഘടനയായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്കി (INANY)ന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തക സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. മോലോയ് കോളേജിലെ ഫാക്കൽറ്റിയും നോർത്തവെൽ ഹെൽത്ത് സിസ്റ്റത്തിൽ നേഴ്സ് പ്രാക്റ്റീഷനറും ആയ ഡോ.അന്നാ ജോർജ് ആണ് 2021 – 2022 പ്രവർത്തന വർഷത്തെ പ്രസിഡന്റ്. പ്രൊഫഷണൽ ഡെവലൊപ്മെൻറ് ആൻഡ് എഡ്യൂക്കേഷൻ കമ്മിറ്റിയുടെ ചെയർ ആയിരുന്നു ഡോ. അന്നാ ജോർജ്.

കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വെർച്യുൽ പ്ലാറ്റ്‌ഫോമിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ആണ് തെരഞ്ഞെടുപ്പു നടന്നത്. സമൂഹത്തിന്റെ ആരോഗ്യാവശ്യങ്ങളെ കണ്ടറിഞ്ഞു നേഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ ആരോഗ്യ വിദ്യാഭ്യാസ പരിപാടികൾ വിജയപൂർവ്വം സംഘടിപ്പിക്കുന്നതിന് ഡോ. അന്ന മുൻകൈയ്യെടുത്തിരുന്നു.

ഹെൽത്ത് ആൻഡ് ഹോസ്പിറ്റൽസ് കോര്പറേഷനിൽ ഒക്ക്യുപേഷണൽ ഹെൽത്ത് സർവീസ് ഡയറക്ടർ ആയി പ്രവർത്തിക്കുന്ന ഡോ. സോളിമോൾ കുരുവിളയാണ് വൈസ് പ്രസിഡന്റ്. ബോർഡ് സെർട്ടിഫൈഡ് നേഴ്സ് പ്രാക്റ്റീഷനർ ആയ ഡോ.കുരുവിള നാഷണൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസസ് ഓഫ് അമേരിക്ക എന്ന ദേശീയ സംഘടനയുടെ പ്രസിഡന്റ്, അഡ്‌വൈസറി ബോർഡ് മെംബർ, വിവിധ കമ്മിറ്റികളുടെ ചെയർ എന്നീ നിലകളിൽ അനേകവർഷത്തെ പ്രൊഫഷണൽ സേവനങ്ങളും സംഭാവനകളും നൽകിയിട്ടുള്ള നേതാവാണ്. ഡോക്ടർ അന്നാ ജോർജും ഡോക്ടർ സോളിമോൾ കുരുവിളയും വളരെ അധികം ആരോഗ്യ വിദ്യാഭാസ സെമിനാറുകളിലും കോൺഫെറെൻസുകളിലും വ്യത്യസ്ഥ ആരോഗ്യ വിഷയങ്ങളിൽ പ്രാഗൽഭിക അവതരണങ്ങൾ നടത്തിയിട്ടുണ്ട്.

ജെസ്സി ജെയിംസ് (ജനറൽ സെക്രട്ടറി), ഡോളമ്മ പണിക്കർ (ജോയിന്റ് സെക്രട്ടറി), ലൈസി അലക്സ് (ട്രഷറർ), ഏലിയാമ്മ മാത്യു (ജോയിന്റ് ട്രഷറർ), സാറാമ്മ തോമസ് (ചെയർ, മെമ്പർഷിപ്), ഷൈലാ പോൾ (ചെയർ, പബ്ലിക് റിലേഷൻസ്), ലിസ്സി കൊച്ചുപുരയ്ക്കൽ (ചെയർ, കൾച്ചറൽ ആൻഡ് സോഷ്യൽ പ്രോഗ്രാംസ്), ഏലിയാമ്മ അപ്പുക്കുട്ടൻ (ചെയർ, ഫിനാൻസ്, ഫണ്ട് റേയ്‌സിംഗ് ആൻഡ് ചാരിറ്റി), ആഷ്‌ലി മത്തായി (ബൈലാസ്/ഗോവെർണിംഗ് റൂൾസ് & റെഗുലേഷൻസ്), ജിൻസി ചാക്കോ (ചെയർ, കമ്മ്യൂണിക്കേഷൻസ്), ഗ്രേസ് അലക്സാണ്ടർ (റിസേര്ച്, അവാർഡ്‌സ് & സ്കോളര്ഷി പ്സ്), ജെസ്സി കുര്യൻ (ചെയർ, അഡ്വാൻസ്ഡ് പ്രാക്റ്റീസ് നഴ്‌സ്‌ ഫോറം), റേച്ചൽ ഡേവിഡ് & മറിയാമ്മ ചാക്കോ (ഏരിയ കോ ഓർഡിനേറ്റർസ്) എന്നിവർ ആണ് നേതൃ നിരയിലെ മറ്റു ടീം മെമ്പർമാർ.

ഇപ്പോഴത്തെ പ്രസിഡന്റ് താര ഷാജൻ ഇന്ത്യൻ നഴ്സുമാരുടെ ദേശീയ സംഘടനയായ നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഇൻ അമേരിക്കയുടെ ട്രഷറർ ആയി ഉത്തരവാദിത്വം എടുക്കുകയാണ്. അതോടൊപ്പം ന്യൂ യോർക്ക് അസോസിയേഷന്റെ അഡ്വൈസറി ബോർഡിലും തുടരും.

ഫൗണ്ടിങ് പ്രസിഡണ്ട് ഡോ.ആനി പോൾ, തുടർന്നുള്ള പ്രസിഡണ്ടുമാരായ ശോശാമ്മ ആൻഡ്രൂസ് , ഉഷാ ജോർജ്, മേരി ഫിലിപ്പ് എന്നിവരിലൂടെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് വളരുക യായിരുന്നു. ഇപ്പോഴത്തെ പ്രസിഡന്റ് താരാ ഷാജൻ സംഘടനയെ കൂടുതൽ പ്രബലമാക്കി.

ന്യൂ യോർക്ക് പ്രദേശത്തെ ആരോഗ്യപരിപാലന രംഗത്തു ഇന്ത്യൻ നഴ്സുമാരും നേഴ്സ് പ്രാക്റ്റീഷനിർമാരും ഗണ്യമായ പങ്കു വഹിക്കുന്നുണ്ട്. ബെഡ്‌ സൈഡ് നഴ്സിംഗ് മുതൽ ഹോസ്പിറ്റൽ മാനേജ്‌മന്റ്, നഴ്സിംഗ്, ചികിത്സ, എഡ്യൂക്കേഷൻ, ഗവേഷണം, യൂണിവേഴ്സിറ്റി അധ്യാപനം എന്നീ വിവിധ മേഖലകളിൽ ഒട്ടനവധി ഇന്ത്യൻ നഴ്സുമാർ പ്രവൃത്തിക്കുന്നുണ്ട്. അമേരിക്കയിലെ ഇന്ത്യൻ നഴ്സുമാരുടെ എണ്ണം എത്രയെന്നു കൃത്യമായ കണക്കുകൾ നിലവിൽ ഇല്ലാത്തതിനാൽ നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഇൻ അമേരിക്ക ദേശവ്യാപകമായി ഒരു സർവ്വേ നടത്തി വരികയാണ്.

ന്യൂ യോർക്കിലെ നഴ്സുമാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു അവയെ അഭിസംബോധന ചെയ്തു സംഘടനയെ വലുതാക്കുകയെന്ന കാഴ്ചപ്പാടാണ് തനിക്കുള്ളതെന്നും പ്രസിഡന്റ്-ഇലെക്ട് ഡോ.അന്ന ജോർജ് വ്യക്തമാക്കി.

യൂണിവേഴ്സിറ്റികളുമായി യോജിച്ചു ട്യൂഷൻ ഡിസ്‌കൗണ്ട്, സ്കോളർ ഷിപ്പുകൾ, വിദ്യാഭ്യാസ മികവിനുള്ള അവാർഡുകൾ, ഡോക്ടർമാരുടെ സംഘടനകളുമായി ചേർന്നുള്ള ഹെൽത്ത് ഫെയറുകൾ തുടങ്ങിയ സംരംഭങ്ങൾ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഇപ്പോൾ നടത്തി വരികയാണ് .

ന്യൂ യോർക്ക് സ്റ്റേറ്റിലെ നഴ്സിംഗ് രംഗത്തും മറ്റു ആരോഗ്യ പരിപാലന/ സംരക്ഷണ രംഗങ്ങളിലും സ്വന്തമായ സംഭാവനകൾ ചെയ്യുന്ന, നഴ്സു മാരുടെ ശബ്ദമായും അവരുടെ സ്വാധീന സംഘടന ആയും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് അമേരിക്ക.

ജനറൽ ബോഡി മീറ്റിംഗിൽ പ്രസിഡന്റ് താരാ ഷാജൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെസ്സി ജെയിംസ് റിപ്പോർട്ടും ട്രഷറർ ലൈസി അലക്സ് കണക്കുകളും അവതരിപ്പിച്ചു. ഇലെക്ഷൻസ് ചെയർ പോൾ ഡി പനക്കൽ, അഡ്വൈസറി ബോർഡ് ചെയർ മേരി ഫിലിപ്പ്, കമ്മ്യൂണിക്കേഷൻസ് ചെയർ – ഇൻഫർമേഷൻ ടെക്നോളജി വിദഗ്ധ ജിൻസി ചാക്കോ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. രണ്ടാമത്തെ പ്രസിഡന്റ് സ്ഥാനാർഥി ആയി മത്സരിച്ച സിസിലി പഴയമ്പള്ളിൽ ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ മുന്നോട്ടുള്ള യാത്രയിൽ എല്ലാ സഹായ പ്രവർത്തനങ്ങളും പിന്തുണയും ഉറപ്പു നൽകി.

പുതിയ നേതൃസമിതിയുടെ സ്ഥാപനം ഡിസംബർ 19 ശനിയാഴ്ച വെർച്വൽ ആയി നടക്കും. ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് മുഖ്യാതിഥി ആയിരിക്കും.