ഷിക്കാഗോ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ദ്വൈവാർഷിക രാജ്യാന്തര മീഡിയ കോൺഫറൻസ് നവംബർ 11 , 12 ,13, 14 തീയതികളിൽ ഷിക്കാഗോയിൽ നടക്കും. ഇല്ലിനോയി സംസ്ഥാനത്തെ ഗ്ലെൻവ്യൂവിൽ റെനൈസ്സൻസ് (Renaissance) (മാരിയറ്റ് ) ഹോട്ടലാണു വേദി. രാജ്യാന്തര പ്രാധാന്യമുള്ള സമ്മേളനങ്ങൾ നടക്കുന്ന മികച്ച ഹോട്ടലാണിത്. ഷിക്കാഗോ ഒഹയർ വിമാനത്താവളത്തിനടുത്താണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.
കോൺഫറൻസ് വേദി ബുക്ക് ചെയ്തതായി നാഷനൽ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രഷറർ ജീമോൻ ജോർജ് എന്നിവർ അറിയിച്ചു. ഇതിനു മുന്നോടിയായി ആതിഥ്യം വഹിക്കുന്ന ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ബിജു സക്കറിയയുടെ നേതൃത്വത്തിൽ ഷിക്കാഗോയിലെ അംഗങ്ങൾ നാഷനൽ പ്രസിഡന്റിനൊപ്പം കൺവൻഷൻ വേദി സന്ദർശിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.
ഒന്നര ദശാബ്ദത്തിലേറെ മികവുറ്റ സേവന ചരിത്രമുള്ള ഇന്ത്യാ പ്രസ് ക്ലബ് അന്തർ ദേശീയ സമ്മേളനം ഇത് മൂന്നാം പ്രാവശ്യമാണ് ഷിക്കാഗോയിൽ അരങ്ങേറുന്നത്. രണ്ടാമത്തെ രാജ്യാന്തര കോൺഫറൻസ് ഷിക്കാഗോയിലാണ് നടന്നത്. നാലാമത്തെ കോൺഫറൻസും ഷിക്കാഗോയിൽ ശിവൻ മുഹമ്മയുടെ നേതൃത്വത്തിൽ നടന്നു.
ചരിത്രപരമായി, മാധ്യമരംഗത്തുള്ളവരും സംഘടനാ രംഗത്തുള്ളവരും ഒത്തുകൂടുന്ന വേദിയാണ് പ്രസ് ക്ലബ് സമ്മേളനം. ഫോമാ, ഫൊക്കാന, വേൾഡ് മലയാളി കൗൺസിൽ കൺവൻഷൻ പോലെ ദേശീയ പ്രാധാന്യത്തോടെ നടത്തുന്ന സമ്മേളനം. ഒരു ഭിന്നതയുമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കുന്നു എന്നതാണ് പ്രത്യേകത.
നാട്ടിൽ നിന്നും ഇവിടെ നിന്നുമുള്ള വിദ്ഗധർ നയിക്കുന്ന സെമിനാറുകളാണു സമ്മേളനത്തിലെ പ്രധാന അജണ്ട. കോവിഡ് കാലത്ത് മാധ്യമ പ്രവർത്തകർ അഭിമുഖീകരിച്ച യാതനകളുടെ നേർ സാക്ഷ്യം സമ്മേളനത്തെ വേറിട്ടതാക്കും. പല സ്ഥാപനങ്ങളും പൂട്ടിപ്പോകുകയും പലർക്കും ജോലി ഇല്ലാതാവുകയും ചെയ്ത കാലത്തും വലിയ ത്യാഗങ്ങളിലൂടെ മാധ്യമ രംഗം സ്വന്തം കടമ നിർവഹിക്കുന്ന കാഴ്ചയാണ് ലോകമെങ്ങും കണ്ടത്. അത് വിലയിരുത്താനും പുതിയ നിർദേശങ്ങൾ സമർപ്പിക്കാനും സമ്മേളനം വേദിയാകും.
ഇത്തവണ പതിവുള്ള അവാർഡുകൾക്ക് പുറമേ സംഘടനകൾക്കും അവാർഡുകൾ നൽകുന്നു. അതു പോലെ പുതുമയുള്ള പരിപാടികളും സമ്മേളനത്തിൽ പ്രതീക്ഷിക്കാം. നാട്ടിൽ നിന്ന് എത്തുന്ന പ്രമുഖരാണു കോൺഫറൻസിനെ എന്നും വ്യത്യസ്തമാക്കുന്നത്. പ്രസ് ക്ലബിന്റെ അവാർഡ് ജേതാക്കളായ വീണാ ജോർജ് ഇപ്പോൾ ആരോഗ്യ മന്ത്രിയും ജോൺ ബ്രിട്ടാസ് എംപിയുമാണ്. കോൺഫറൻസിൽ അതിഥികളായി എത്തിയ കെ.എൻ. ബാലഗോപാൽ മന്ത്രിയും വി.ഡി. സതീശൻ പ്രതിപക്ഷ നേതാവുമായി. ഇപ്പോഴത്തെ സ്പീക്കർ എം.ബി.രാജേഷ് ഇന്ത്യ പ്രസ് ക്ലബ്ബിന്റെ യോഗത്തിൽ പങ്കെടുത്തിരുന്നു. അത് അഭിമാനകരം തന്നെ.
മലയാളി പത്രപ്രവർത്തകർക്കു നൽകുന്ന ഏറ്റവും വലിയ പുരസ്കാരങ്ങളിലൊന്നായ മാധ്യമ ശ്രീ അവാർഡിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നു ഭാരവാഹികൾ അറിയിച്ചു.
ഏഴാമത് മാധ്യമ ശ്രീ പുരസ്കാര ജേതാവിനെ തീരുമാനിക്കുന്നത് നാലംഗ ജഡ്ജിംഗ് പാനലാണ്. മനോരമ എഡിറ്റോറിയൽ ഡയറക്ടറായിരുന്ന തോമസ് ജേക്കബ് അധ്യക്ഷനായ കമ്മിറ്റിയിൽ ദീപിക സീനിയർ എഡിറ്ററായിരുന്ന അലക്‌സാണ്ടർ ജേക്കബ്, ഇന്ത്യാ ടുഡേ അസോസിയേറ്റ് എഡിറ്ററായിരുന്ന പി.എസ് . ജോസഫ്, അമേരിക്കയിൽ നിന്ന് പ്രമുഖ ഭിഷഗ്വരനും എഴുത്തുകാരനുമായ ഡോ. എം.വി.പിള്ള എന്നിവരാണ് അംഗങ്ങൾ .
പ്രസിഡന്റ് ഇലക്ട് സുനിൽ തൈമറ്റം, ജോ.സെക്രട്ടറി ബിജിലി ജോർജ്, ട്രഷറർ ഷിജോ പൗലോസ്, ഓഡിറ്റർമാരായ സജി എബ്രഹാം, ബിനു ചിലമ്പത്ത് എന്നിവരടങ്ങിയ എക്സിക്യൂട്ടിവ് കമ്മിറ്റിയും, കൂടാതെ ഐപിസിഎൻഎ അഡ്വൈസറി ബോർഡ് ചെയർമാൻ മധു കൊട്ടാരക്കരയും സമ്മേളന പരിപാടികൾക്ക് നേതൃത്വം നൽകുന്നു.



