ഇന്ത്യയിൽ നിന്നുള്ള അരി കയറ്റുമതിയിൽ ഈ വർഷം 42ശതമാനത്തോളം വർധനവ്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതിയിൽ കുറവുണ്ടായതാണ് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ വർധനവ് കൂടാൻ കാരണമായത്.

ലോകത്തെ തന്നെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞവർഷം 99 ലക്ഷം ടൺ അരിയാണ് ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ അരി കയറ്റുമതിക്കാരായ തായ്ലാൻഡിൽ ഈ വർഷം തുടക്കത്തിലുണ്ടായ വരൾച്ച നെൽകൃഷിയെ കാര്യമായി ബാധിച്ചു. ഇതോടെ കയറ്റുമതി 65 ലക്ഷം ടണ്ണായി കുറഞ്ഞു. 20 വർഷത്തിനിടെയുണ്ടായ ഏറ്റവും കുറവാണിതെന്നാണ് വിലയിരുത്തൽ.

ബംഗ്ലാദേശ്, നേപ്പാൾ, സെനഗൽ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേയ്ക്കാണ് ഇന്ത്യയിൽ നിന്ന് അരി കൂടുതലായി കയറ്റി അയയ്ക്കുന്നത്. ഇതിനു പുറമേ, ബസ്മതിയിനത്തിൽപ്പെട്ട അരി ഇറാനിലേയ്ക്കും സൗദി അറേബ്യയിലേയ്ക്കും ഇറാഖിലേയ്ക്കും അയയ്ക്കുന്നുണ്ട്.