ന്യൂയോര്‍ക്ക്: കോവിഡ്-19 പരിശോധന കൂടുതലായി നടത്തിയാല്‍ ഇന്ത്യയിലും ചൈനയിലും യുഎസിലേക്കാള്‍ കൂടുതല്‍ രോഗബാധിതരെ കണ്ടെത്താനാവുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസില്‍ ഇതുവരെ രണ്ടു കോടിയിലധികം സാംപിളുകള്‍ പരിശോധിച്ചതായും ട്രംപ് പറഞ്ഞു. മെയ്ന്‍ സംസ്ഥാനത്തെ മരുന്ന് നിര്‍മാണ കേന്ദ്രമായ പ്യൂരിറ്റന്‍ മെഡിക്കല്‍ പ്രോഡക്‌ട്സില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
നിലവില്‍ യുഎസിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍. മരണ സംഖ്യയും യുഎസിലാണ് ഏറ്റവും കൂടുതല്‍. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം 19 ലക്ഷം കോവിഡ് ബാധിതരാണ് യുഎസില്‍. 1,09,000 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
ഇന്ത്യയില്‍ ജൂണ്‍ 05 വരെയുള്ള കണക്കുകള്‍ പ്രകാരം 2,36,657 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 6,642 പേരാണ് മരിച്ചത്. കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ ചൈനയില്‍ 84,177 പേരാണ് രോഗബാധിതരായത്. 4,638 പേര്‍ മരിക്കുകയും ചെയ്തു. ലോകത്ത് ഇതുവരെ 6,757,439 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 395,233 പേര്‍ മരണപ്പെട്ടു.
“ഞങ്ങള്‍ 20 ദശലക്ഷത്തിലധികം ടെസ്റ്റുകള്‍ നടത്തിയ ശേഷമാണ് ഈ നിലയില്‍. കൂടുതല്‍ പരിശോധിക്കുമ്ബോഴാണ് നിങ്ങള്‍ കൂടുതല്‍ രോഗബാധ കണ്ടെത്തുന്നതെന്ന് ഓര്‍ക്കുക. എല്ലാ തവണ പരിശോധിക്കുമ്ബോഴും ഞാന്‍ എന്റെ ജനങ്ങളോട് പറയാറുണ്ട്, നിങ്ങള്‍ കൂടുതല്‍ കേസുകള്‍ കണ്ടെത്തുന്നത് നമ്മള്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിനാലാണെന്ന്. നമുക്ക് കൂടുതല്‍ കേസുകളുണ്ടെങ്കില്‍, ചൈനയിലോ ഇന്ത്യയിലോ മറ്റ് സ്ഥലങ്ങളിലോ പരിശോധന നടത്തുകയാണെങ്കില്‍, അവിടെ കൂടുതല്‍ കേസുകള്‍ ഉണ്ടാകുമെന്ന് ഞാന്‍ ഉറപ്പ് പറയുന്നു,” ട്രംപ് പറഞ്ഞതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ജര്‍മനിയിലേയും ദക്ഷിണ കൊറിയയിലേയും കോവിഡ് പരിശോധനാ നിരക്കുകളുമായി യുഎസിലെ പരിശോധനാ നിരക്കിനെ ട്രംപ് താരതമ്യം ചെയ്തു. ജര്‍മനി 40 ലക്ഷത്തോളവും ദക്ഷിണ കൊറിയ 30 ലക്ഷത്തോളവും പരിശോധനകള്‍ നടത്തിയതായാണ് അവകാശപ്പെടുന്നതെന്നു ട്രംപ് പറഞ്ഞു.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 40 ലക്ഷത്തിലധികം പേരുടെ സാംപിളുകളാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
പ്യൂരിറ്റാന്‍ മെഡിക്കല്‍ പ്രോഡക്‌ട്സില്‍ സംസാരിക്കുന്നതിനിടെയും കോവിഡ് -19 ചൈനയില്‍ നിന്നുള്ള “ശത്രു” ആണെന്ന വാദം ട്രംപ് ആവര്‍ത്തിച്ചു. “തീര്‍ച്ചയായും ഇത് ഒരു ശത്രുവാണ്. ഇത് ചൈനയില്‍ നിന്നാണ് വന്നത്, ചൈനയില്‍ നിര്‍ത്തേണ്ടതായിരുന്നു. അവര്‍ അത് ചെയ്തില്ല,” ട്രംപ് ആരോപിച്ചു.
കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തെ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ദേശീയവും വ്യാവസായികവുമായ പടയൊരുക്കമെന്ന് വിശേഷിപ്പിച്ച ട്രംപ് യുഎസ് സര്‍ക്കാരിന്റെയും രാജ്യത്തെ വ്യവസായ മേഖലയുടെയും മേലുള്ള തന്റെ നിയന്ത്രണത്തിലൂടെ അദൃശ്യമായ ശത്രുവിനെ പരാജയപ്പെടുത്തുമെന്നും പറഞ്ഞു.
“വാക്സിനുകളുടെ വികസനം വേഗത്തിലാക്കാന്‍ ചുവപ്പു നാടകള്‍ ഒഴിവാക്കി. വാക്സിന്‍ വികസനം മികച്ച രീതിയില്‍ പോവുന്നു, ചികിത്സാ രീതികളും. പ്യൂരിറ്റാനെപ്പോലുള്ള സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളെയും ഞങ്ങള്‍ പങ്കാളികളാക്കി,” ട്രംപ് പറഞ്ഞു. 150 കോടി വ്യക്തിഗത സുരക്ഷാ ഉപകരണ കിറ്റുകളാണ് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറിയതെന്നും ട്രംപ് പറഞ്ഞു.