ദോഹ: കോവിഡിന്‍െറ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച വിമാനസര്‍വീസുകള്‍ മേയ് 17 മുതല്‍ ഭാഗികമായി പുനരാരംഭിക്കാന്‍ ഇന്ത്യ തീരുമാനിച്ചതോടെ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ തുടങ്ങാന്‍ ഖത്തര്‍ എയര്‍വേസ്. ആദ്യഘട്ടത്തില്‍ 25 ശതമാനം ആഭ്യന്തര വിമാനസര്‍വീസുകളാണ് ഇന്ത്യ തുടങ്ങുന്നത്. ഇന്ത്യയിലേക്ക് നിര്‍ത്തിവെച്ച സര്‍വീസുകള്‍ മേയ് മാസത്തില്‍ തന്നെ പുനരാംരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേസ് ട്വിറ്ററില്‍ അറിയിച്ചു. സര്‍വീസുകള്‍ മെയ് 26 മുതല്‍ തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
ജൂണ്‍ അവസാനത്തോടെ അഹ്മദാബാദ്, അമൃത്സര്‍, ബംഗളൂരു, മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ഗോവ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും നടത്തുമെന്നും കമ്ബനി നേരത്തേ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടും. കോവിഡ്-19 പ്രതിസന്ധികള്‍ക്കിടയിലും ഒരു ദശലക്ഷത്തിലേറെ ജനങ്ങളെ അവരുടെ നാടുകളിലേക്ക് എത്തിക്കാനും ഒരു ലക്ഷം ടണ്‍ മെഡിക്കല്‍ സഹായമുള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്കെത്തിക്കാനും ഖത്തര്‍ എയര്‍വേസിന് സാധിച്ചിട്ടുണ്ടെന്നും പ്രതിസന്ധികള്‍ക്കിടയിലും തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച യാത്രക്കാരിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍ വ്യക്തമാക്കി. സ് ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. ഘട്ടം ഘട്ടമായി സര്‍വീസ് ശൃംഖല വിപുലീകരിക്കാനാണ് പദ്ധതിയെന്നും ബാകിര്‍ കൂട്ടിച്ചേര്‍ത്തു.
മേയ് അവസാനത്തോടെ തന്നെ ലോകത്തിലെ 52 നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കാനാണ് കമ്ബനി പദ്ധതിയിടുന്നത്. കോവിഡ്-19 വ്യാപിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന ആഗോലതലത്തിലെ പ്രവേശന നിയന്ത്രണങ്ങളിലെ ഇളവും യാത്രക്കാരുടെ ആവശ്യവും പരിഗണിച്ചാണിത്. നിലവില്‍ ഭൂരിഭാഗം ഭൂഖണ്ഡങ്ങളിലേക്കുമായി 30 പ്രതിദിന സര്‍വീസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ജൂണ്‍ അവസാനത്തോടെ 80 നഗരങ്ങളിലേക്കും സര്‍വീസ് ആരംഭിക്കും. 80 നഗരങ്ങളില്‍ യൂറോപ്പില്‍ 23ഉം അമേരിക്കയില്‍ നാലും മിഡിലീസ്റ്റ്- ആഫ്രിക്കയില്‍ 20ഉം ഏഷ്യാ-പസിഫിക് മേഖലയില്‍ 33ഉം കേന്ദ്രങ്ങള്‍ ഉള്‍പ്പെടും. ഇതില്‍ ഇന്ത്യ, പാക്കിസ്ഥാന്, നേപ്പാള്‍, ചൈന രാജ്യങ്ങളിലെ പ്രധാന വിമാനത്താവളങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.