ഈ മാസം 14 വരെ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണ്‍ പിന്‍വലിക്കുകയോ നിയന്ത്രണങ്ങളോടെ പുറത്തിറങ്ങാന്‍ ജനങ്ങളെ അനുവദിക്കുകയോ ചെയ്താല്‍ റിവേഴ്സ് ക്വാറന്റീന് നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് 60 വയസ്സ് കഴിഞ്ഞവരും അര്‍ബുദം, ഹൃദ്രോഗം, കരള്‍ രോഗം, ശ്വാസകോശ രോഗം, പ്രമേഹം, വൃക്കരോഗം തുടങ്ങിയവ ബാധിച്ചവരും വലിയ ശസ്ത്രക്രിയകള്‍ക്കു വിധേയരാവയരും പുറത്തിറങ്ങുന്നതും മറ്റുള്ളവരുമായി ഇടപഴകുന്നതും നിയന്ത്രിക്കും. 14 ദിവസത്തേക്കാണ് റിവേഴ്സ് ക്വാറന്റീന് നടപ്പാക്കുക.
റിവേഴ്സ് ക്വാറന്റീനിലുള്ളവര്‍ക്ക് വീട്ടിലുള്ളവരുമായും ഇടപഴകാന്‍ അനുവാദമുണ്ടാകില്ല. ഇവര്‍ മുറികളില്‍ കഴിയണം. വീട്ടില്‍ തയാറാക്കുന്ന ഭക്ഷണം റിവേഴ്സ് ക്വാറന്റീനിലുള്ളവര്‍ക്കു നല്‍കുന്നതിനടക്കം ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും.
വീട്ടില്‍ സൗകര്യങ്ങള്‍ ഇല്ലാത്തവരെ മാറ്റിത്താമസിപ്പിക്കാനും നടപടിയെടുക്കുമെന്നാണ് വിവരം. ഈ വിഭാഗത്തില്‍പ്പെട്ട നിര്‍ധനര്‍ക്ക് ഇപ്പോള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നു സൗജന്യമരുന്ന് നല്‍കുന്നുണ്ട്. ആ പട്ടിക ഉപയോഗിച്ച് ഇവരെ കണ്ടെത്താനാകും.
സംസ്ഥാനത്ത് കേന്ദ്ര സര്‍ക്കാര്‍ ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയ ഏഴ് ജില്ലകളില്‍ മാത്രം റിവേഴ്സ് ക്വാറന്റീന് നടപ്പാക്കിയാല്‍ മതിയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് ഹോട്ട്സ്പോട്ടുകളായി തിരഞ്ഞെടുത്തിട്ടുള്ളത്.