ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്ബന്‍ ജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി. ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നോര്‍വിച്ച് സിറ്റിക്കെതിരെ അഞ്ച് ഗോളുകളാണ് സിറ്റി നേടിയത്. മറ്റൊരു മത്സരത്തില്‍ ലിവര്‍പൂളും ജയിച്ചു. മറ്റ് മത്സരങ്ങളില്‍ ലിവര്‍പൂളും ആസ്റ്റണ്‍ വില്ലയും ജയിച്ചു. ക്രിസ്റ്റണ്‍ പാലസ്- ബ്രെന്റ്‌ഫോര്‍ഡ് (ഗോള്‍രഹിതം), ലീഡ്‌സ് യുണൈറ്റഡ്- എവര്‍ട്ടണ്‍ (രണ്ട് ഗോളുകള്‍ വീതം) മത്സരങ്ങള്‍ സമനിലയിലായി.
ഏഴാം മിനുട്ടില്‍ നോര്‍വിച്ച് സിറ്റിയുടെ ടിം ക്രൂളിന്റെ സെല്‍ഫ് ഗോളിലാണ് സിറ്റി ‘മുന്നേറ്റം’ തുടങ്ങിയത്. 22ാം മിനുട്ടില്‍ ജാക്ക് ഗ്രീലിഷ്, 64ാം മിനുട്ടില്‍ അയ്‌മെറിക് ലാപോര്‍ട്ടെ, 71ാം മിനുട്ടില്‍ റഹീം സ്‌റ്റെര്‍ലിംഗ്, 84ാം മിനുട്ടില്‍ റിയാദ് മെഹ്‌റെസ് എന്നിവര്‍ ഗോളുകള്‍ നേടി. മത്സരത്തിലുടനീളം സിറ്റിക്കായിരുന്നു മേധാവിത്വം.
ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു ആന്‍ഫീല്‍ഡില്‍ ബേണ്‍ലിക്കെതിരെ ലിവര്‍പൂളിന്റെ വിജയം. 18ാം മിനുട്ടില്‍ ഡിയോഗോ ജോട്ടയും 69ാം മിനുട്ടില്‍ സാദിയോ മാനെയുമാണ് ഗോളുകള്‍ നേടിയത്. മത്സരത്തിലുടനീളം ലിവര്‍പൂളിനായിരുന്നു മേധാവിത്വം.
ന്യൂകാസില്‍ യുണൈറ്റഡിനെതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു ആസ്റ്റണ്‍ വില്ലയുടെ വിജയം. ഒന്നാം പകുതിയുടെ അധിക സമയത്ത് ഡാനി ഇംഗ്‌സും 62ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ അന്‍വര്‍ എല്‍ ഗാസിയുമാണ് ഗോളുകള്‍ നേടിയത്.



