ചമയങ്ങളില്ലാതെ പ്രേക്ഷകരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന താരങ്ങള്‍ ഒരുകാലത്ത് ഇല്ലെന്നു തന്നെ ഉറപ്പായിരുന്നു. പൊതു ചടങ്ങുകളില്‍ വരുമ്പോള്‍ പോലും സ്‌ക്രീനില്‍ കാണുന്ന അതേ പെര്‍ഫെക്ഷനോട് കൂടിയേ പലരും താരങ്ങളെ കണ്ടിരുന്നുള്ളൂ. ക്യാമറയുടെ മുന്നില്‍ അല്ലാത്ത നേരം സ്വന്തം മുഖം എങ്ങനെയാണോ, അത് അതുപോലെ തന്നെ തുറന്നു കാട്ടാന്‍ താരങ്ങള്‍ മുന്നിട്ടിറങ്ങുന്നു.

നടി സമീറ റെഡ്ഡി അക്കാര്യത്തില്‍ എല്ലാരെക്കാളും മുന്നില്‍ എന്ന് തന്നെ പറയാം. തലമുടിയിലെ നരയും മുഖത്തെ പാടുകളും ഉറക്കച്ചടവും എല്ലാം തുറന്നു കാട്ടുന്ന വീഡിയോയുമായി രണ്ടു കുട്ടികളുടെ അമ്മയായ സമീറ സോഷ്യല്‍ മീഡിയയില്‍ വന്ന് പലരെയും ഞെട്ടിച്ചു.

നടി നിമിഷ സജയനും,ഗായിക സിതാരയുമൊക്കെ ഇത്തരത്തില്‍ അഭിപ്രായം പറയുകയും ഈ അഭിപ്രായങ്ങളും വീഡിയോയുമെല്ലാം സാമൂഹിക മാദ്ധ്യമങ്ങളില്‍ ചര്‍ച്ച ആകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നടി പാര്‍വതി തിരുവോത്ത് ആണ് ഇത്തരത്തില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫില്‍ട്ടറും മേക്കപ്പും ഇല്ലാതെ തന്റെ യഥാര്‍ത്ഥ മുഖം വെളിവാക്കുന്ന പാര്‍വതിയുടെ വീഡിയോ ശ്രദ്ധ നേടുന്നു.

തുടക്കത്തില്‍ ഫില്‍റ്റര്‍ ഇടുകയും ശേഷം അത് ഇല്ലാതെ സ്വന്തം മുഖം കാട്ടുകയും ചെയ്യുന്നുണ്ട്. മുഖത്തെ പാടുകള്‍ ക്ലോസ്‌അപ്പില്‍ കാട്ടി, താന്‍ എങ്ങനെയാണോ അതുപോലെ തന്നെ ക്യാമറയുടെ മുന്നില്‍ നില്‍ക്കുകയാണ് പാര്‍വതി. ഇതാണ് എന്റെ യഥാര്‍ത്ഥ സൗന്ദര്യം എന്ന് പാര്‍വതി ക്യാപ്ഷനില്‍ പറയുന്നു. അടുത്തിടെ ഡിജിറ്റല്‍ റിലീസ് ചെയ്ത ‘ഹലാല്‍ ലവ് സ്റ്റോറി’ ആണ് പാര്‍വതിയുടെ ഏറ്റവും പുതിയ ചിത്രം.