ന്യുഡല്‍ഹി: ലോക്ക് ഡൗണില്‍ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളികളെ ഉടന്‍ നാട്ടിലെത്തിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രിംകോടതിയുടെ നിര്‍ദേശം. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഇതിനായി 15 ദിവസത്തെ സമയം നല്കി.
ഇതരസംസ്ഥാന തൊഴിലാളികളുടെ ദുരവസ്ഥ സംബന്ധിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.ജസ്റ്റിസുമാരായ അശോക് ഭൂഷണ്, എസ്.കെ.കൗള്‍ എന്നിവരുടെ ബെഞ്ചാണ് ഹരജി
പരിഗണിച്ചത്.
സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് ട്രെയിനുകള്‍ അനുവദിക്കാന്‍ തടസമില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു.അതേസമയം ഇതര സംസ്ഥാന തൊഴിലാളികളുടെ ടിക്കറ്റ് ചാര്‍ജ് റെയില്‍വെ നല്‍കണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടു.
ഇതരസംസ്ഥാന തൊഴിലാളികളുടെ യാത്രയ്ക്കായി ജൂണ്‍ മൂന്ന് വരെ 4200 ശ്രമിക് ട്രെയിനുകള്‍ ഓടിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയെ അറിയിച്ചു.
ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികളെ അവരുടെ ജന്മദേശങ്ങളിലെത്തിച്ചിട്ടുണ്ടെന്നും ഉത്തര്‍പ്രദേശിലേക്കും ബിഹാറിലേക്കുമാണ് ഏറ്റവും കൂടുതല്‍ ശ്രമിക് ട്രെയിനുകള്‍ ഓടിയതെന്നും മെഹ്ത പറഞ്ഞു.