ഇടുക്കി: വീട്ടില്‍ സൂക്ഷിച്ചിരുന്ന 16 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് പിടിച്ചെടുത്തു. ഇടുക്കി വാഴത്തോപ്പിലാണ് എക്സൈസിന്റെ മിന്നല്‍ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച സ്പിരിറ്റ് കണ്ടെത്തിയത്. സ്പിരിറ്റ് കൊണ്ടുവന്ന ആക്രി സണ്ണി എന്നറിയപ്പെടുന്ന വാളത്തോപ്പ് സ്വദേശി തോമസ് ഫ്രാന്‍സിസ്, കല്ലിങ്കല്‍ ജോയി എന്നിവരെ അറസ്റ്റ് ചെയ്തു. ക്രിസ്മസ്_പുതുവത്സര ആഘോഷങ്ങള്‍ മുന്‍നിര്‍ത്തി വ്യാജമദ്യ നി‍ര്‍മാണത്തിനായി കൊണ്ടുവന്നതായിരുന്നു സ്പിരിറ്റ്.

പ്രതികളുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു സ്പിരിറ്റ്. പ്രദേശത്ത് വ്യാജമദ്യവില്‍പ്പന വ്യാപകമാണെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വ്യാജമദ്യം മൂന്നിരട്ടി വിലയ്ക്കാണ് പ്രതികള്‍ വിറ്റിരുന്നത്. തൊടുപുഴയില്‍ നിന്നാണ് സ്പിരിറ്റ് കൊണ്ടുവന്നതെന്ന് പ്രതികള്‍ എക്സൈസിനെ അറിയിച്ചു. ക്രിസ്മസ്_പുതുവത്സര വിപണി ലക്ഷ്യമിട്ടുള്ള വ്യാജ മദ്യ നിര്‍മ്മാണത്തിനായിട്ടായിരുന്നു വന്‍ തോതിലുള്ള സ്പരിറ്റ് സംഭരണം. നേര്‍പ്പിച്ച സ്പിരിറ്റ് ഇവര്‍ മറിച്ച്‌ വിറ്റിരുന്നോ എന്നും സ്പരിറ്റിന്റെ ഉറവിടം തേടിയുള്ള അന്വേഷണവും എക്സൈസ് ഊര്‍ജിതമാക്കി.