തിരുവനന്തപുരം: മന്ത്രി കെ.ടി ജലീല്‍ ചോദ്യം ചെയ്യലിന് ഒളിച്ചുപോകേണ്ടതില്ലായിരുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മന്ത്രി അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നെന്നും കാനം പറഞ്ഞു.
ജലീല്‍ ഒളിച്ചുപോകേണ്ട കാര്യമില്ലായിരുന്നു. സ്റ്റേറ്റ് കാറില്‍ തന്നെ പോകണമായിരുന്നു. അത് ജലീല്‍ സ്വയം തീരുമാനിക്കേണ്ട കാര്യമാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജന്‍സികള്‍ സെക്രട്ടേറിയറ്റില്‍ മാത്രം ചുറ്റിക്കറങ്ങുന്നതു സംസ്ഥാന സര്‍ക്കാരിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണെന്നും അദ്ദേഹം ആരോപിച്ചു. കേസില്‍ ഇതുവരെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിട്ടില്ല. അന്വേഷണ ഏജന്‍സികളെല്ലാം കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ളതാണ്. കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയാനില്ല. എന്നാല്‍ അന്വേഷണത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെ പുകമറ സൃഷ്ടിക്കാനാണു ശ്രമമെന്നും കാനം രാജേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് ബിജെപിക്കൊപ്പമാണ്. ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീര് കണ്ടാല്‍ മതിയെന്നാണ് കോണ്‍ഗ്രസിന്റെ സമീപനമെന്നും കാനം ആരോപിച്ചു.
കേരള കോണ്‍ഗ്രസ് -ജോസ് കെ.മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും സിപിഐ നടത്തിയില്ല. ഇക്കാര്യത്തില്‍ ജോസ് കെ.മാണിയാണു നിലപാടു വ്യക്തമാക്കേണ്ടത്. ജോസ് വിഭാഗം വലിയ പാര്‍ട്ടിയാണെന്ന അഭിപ്രായം സിപിഐക്കില്ല. അതില്‍ ഇപ്പോഴും മാറ്റം വന്നിട്ടില്ല. വരുന്നവരൊയൊക്കെ ഇടതുമുന്നണിയില്‍ എടുക്കാന്‍ മുന്നണി ക്ഷയിച്ചിട്ടൊന്നുമില്ലെന്നും കാനം പറഞ്ഞു.
രാഷ്ട്രീയ സാഹചര്യം അനുസരിച്ച് ജോസ്. കെ മാണിയുടെ നിലപാട് മാറാം. മൂന്ന് ഭാഗത്തേക്കും ജോസിന് വിലപേശാമല്ലോ. ആദ്യം ജോസ് നിലപാട് പറയട്ടെ അപ്പോള്‍ സിപിഐ നയം വ്യക്തമാക്കാം. അന്യന്റെ പറമ്പിലെ പുല്ല് കണ്ടോണ്ട് പശുവിനെ വളര്‍ത്താന്‍ നില്‍ക്കരുതെന്നും കാനം പറഞ്ഞു.
ഇടതുമുന്നണിയെ അടിക്കാനുള്ള വടിയല്ല സിപിഐ. ഇടതു നയത്തില്‍ നിന്നും സര്‍ക്കാര്‍ വ്യതിചലിച്ചപ്പോഴൊക്കെ സിപിഐ തിരുത്തിയിട്ടുണ്ട്. സ്പ്രിങ്ക്ളര്‍ വിഷയത്തിലും പാര്‍ട്ടി ശരിയായ നിലപാടാണു സ്വീകരിച്ചതെന്നും കാനം വ്യക്തമാക്കി.