തിരുവനന്തപുരം: നാലാം ശനിയാഴ്ച അവധിയാക്കുന്നതിനും ആശ്രിത നിയമനം പരിഷ്ക്കരിക്കാനുമുള്ള സർക്കാർ നീക്കത്തെ എതിർത്ത് സർവീസ് സംഘടനകൾ. ചീഫ് സെക്രട്ടറി വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു.
നാലാം ശനിയാഴ്ച അവധിയാക്കുമ്പോള്‍ എല്ലാ ദിവസവും പതിനഞ്ച് മിനിറ്റ് അധികം ജോലി ചെയ്യണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ മുന്നോട്ട് വച്ചു. ഇതിനെയും കാഷ്യല്‍ ലീവുകളില്‍ അഞ്ചെണ്ണം വെട്ടിക്കുറക്കുന്നതിലുള്ള വ്യവസ്ഥകളിലുമാണ് പ്രതിപക്ഷ സംഘടനകളുടെ എതിര്‍പ്പ്. ഭരണാനുകൂല സംഘടനകളാകട്ടെ നാലാം ശനിയാഴ്ച അവധി വേണ്ടന്ന നിലപാടെടുത്തു.
ആശ്രിത നിയമനം അഞ്ചുശതമാനമാക്കി പരിമിതപ്പെടുത്താനുള്ള നീക്കത്തിലാണ് സര്‍വീസ് സംഘടനകള്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്. ആശ്രിത നിയമനത്തില്‍ നിലവിലെ രീതി തുടരണമെന്നും സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടു.
ഒരു വര്‍ഷത്തിനുള്ളില്‍ ആശ്രിത നിയമനത്തിന് അപേക്ഷ നല്കാന് സാധിച്ചില്ലെങ്കില്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനുള്ള നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഭരണപക്ഷ അനുകൂല സംഘടനകള്‍ അടക്കമുള്ള സര്‍വീസ് സംഘടനകള്‍ വ്യക്തമാക്കി. ആശ്രിത നിയമനത്തില്‍ നിലവിലെ രീതി തുടരണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.