കൊച്ചി: പ്രവാസ ജീവിതത്തില്‍ നിന്ന് ജന്മനാട്ടിലേക്ക് അവരെല്ലാവരും മടങ്ങിയെത്തിയത് ജന്മനാടിനോടുള്ള വിശ്വാസം കൊണ്ടായിരുന്നു. തങ്ങളുടെ ജീവന് സുരക്ഷിതത്വം നല്‍കാന്‍ സ്വന്തം നാടിനാണ് സാധിക്കുകയുള്ളൂ എന്ന തികഞ്ഞ വിശ്വാസം കൊണ്ട്. എല്ലാ കടമ്ബകളും കടന്ന് അവരെത്തി. ഇന്നലെ രാത്രി 10.13ന് ആദ്യവിമാനം പറന്നിറങ്ങി. തുടര്‍ന്ന് പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കി. അബുദാബിയില്‍ നിന്നുള്ള പ്രവാസികളുടെ ആദ്യ സംഘമാണ് നെടുമ്ബാശേരി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഇറങ്ങിയത്. 49 ഗര്‍ഭിണികളും നാലു കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടെ 181 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അടിയന്തിര ചികിത്സയ്ക്കായി വന്ന 16 പേരും സംഘത്തിലുണ്ടായിരുന്നു.
പോലീസും റവന്യു ഉദ്യോഗസ്ഥരും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. പുറത്തു നിന്നുള്ള ആരെയും വിമാനത്താവള ടെര്‍മിനലിലേക്കു പ്രവേശിപ്പിച്ചില്ല. കോവിഡ് പരിശോധനയ്ക്കു ശേഷം രോഗലക്ഷണമില്ലെന്ന് ഉറപ്പു വരുത്തിയാണ് യാത്രക്കാരെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിച്ചത്. അവിടെ നിന്ന് ബാഗേജ് ഏരിയയിലേയ്ക്കും പിന്നീട് പുറത്തേയ്ക്കും കൊണ്ടുപോയി. അണുനശീകരണം നടത്തിയാണ് ബാഗേജുകള്‍ ഇവര്‍ക്ക് ലഭ്യമാക്കിയത്. ബാഗേജുമായി പുറത്തുവന്ന യാത്രക്കാരെ ജില്ലതിരിച്ച്‌ പ്രത്യേക മേഖലയിലേയ്ക്ക് മാറ്റി. തുടര്‍ന്ന് പുറത്ത് ഒരുക്കി നിര്‍ത്തിയ ബസുകളിലെത്തിച്ച ശേഷമാണ് വിവിധയിടങ്ങളിലേക്ക് കൊണ്ടുപോയത്.

തെര്‍മല്‍ സ്‌കാനിങ്ങും ആരോഗ്യ ഡെസ്‌കിലെ പരിശോധനയുമുള്‍പ്പെടെ പൂര്‍ത്തിയാക്കിയ ശേഷം യാത്രക്കാരെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. വന്നവരില്‍ എട്ടുപേര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നതിനാല്‍ ഇവരെ ഐസൊലേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. കൊച്ചി വിമാനത്താവളത്തിലെത്തിയ അഞ്ചുപേരെയും കരിപ്പൂരിലെത്തിയ മൂന്നുപേരെയുമാണ് ഐസലേഷനില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെത്തിയവരെ കളമശേരി മെഡിക്കല്‍ കോളജിലേക്കും കോഴിക്കോടെത്തിയവരില്‍ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും രണ്ടുപേരെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്കുമാണ് മാറ്റിയിരിക്കുന്നത്.

രോഗലക്ഷണം പ്രകടമാക്കിയ രോഗികളുടെ കൃത്യമായ വിവരം അടുത്ത ദിവസം അറിയും. ഗര്‍ഭിണികളെയും കുട്ടികളെയും ഉള്‍പ്പടെയുള്ളവരെ സ്വകാര്യ വാഹനങ്ങളിലും ടാക്‌സികളിലുമായി വീടുകളിലേയ്ക്ക് അയച്ചിട്ടുണ്ട്. എത്തിയവര്‍ക്ക് അതതു ജില്ലകളിലാണു ക്വാറന്റീന്‍ ഒരുക്കിയിരിക്കുന്നത്. യാത്രക്കാരില്‍ 25 പേരാണ് എറണാകുളം ജില്ലക്കാര്‍. ഇവരെ കളമശ്ശേരി എസ്‌സിഎംഎസ് കോളജ് ഹോസ്റ്റലിലേക്കു മാറ്റിയത്.