മലപ്പുറം: ആശങ്കയേറ്റി മലപ്പുറത്ത് രോഗികളുടെ എണ്ണം 200 കടന്നതോടെ അതീവജാഗ്രതയിലാണ് ജില്ല. ഇന്ന് മൂന്ന് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 204 ആയി. 38 പേര്‍ക്ക് ഇതില്‍ സമ്ബര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും മറ്റൊരാള്‍ വിദേശ രാജ്യത്ത് നിന്നും എത്തിയവരാണ്.
പുതുതായി രോഗബാധ സ്ഥിരീകരിച്ചവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് പുറമേ മഞ്ചേരിയില്‍ ചികിത്സയിലുള്ള തൃശ്ശൂര്‍ ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ള മറ്റ് ജില്ലക്കാരുടെ വിവരങ്ങള്‍ ഇങ്ങനെ: പത്തനംതിട്ട – 1,ഇടുക്കി – 1, തൃശ്ശൂര്‍ – 3, പാലക്കാട് – 5, ആലപ്പുഴ – 2, എയര്‍ ഇന്ത്യ ജീവനക്കാരന്‍ – 1, കോഴിക്കോട് – 2, തിരുവനന്തപുരം – 1.
പെരിന്തല്‍മണ്ണ ഫയര്‍ഫോഴ്സിനൊപ്പം പ്രവര്‍ത്തിച്ച സിവില്‍ ഡിഫന്‍സ് ഫോഴ്സ് വളണ്ടിയറായ 30 കാരനാണ് സമ്ബര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇദ്ദേഹം കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശിയാണ്. ജൂണ്‍ ആറിന് റിയാദില്‍ നിന്നും കരിപ്പൂര്‍ വഴി നാട്ടിലെത്തിയ ഒഴൂര്‍ ഓമച്ചപ്പുഴ സ്വദേശിയായ 40-കാരന്‍, ജൂണ്‍ ഒന്നിന് മുംബൈയില്‍ നിന്നും വിമാനമാര്‍ഗം നാട്ടിലെത്തിയ മംഗലം കൂട്ടായി സ്വദേശി 40-കാരന്‍ എന്നിവര്‍ക്കുമാണ് ജില്ലയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.