ന്യൂയോർക്ക്: അമേരിക്കയിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ലളിതമായ ചടങ്ങുകളോടെ ഉയർപ്പ് തിരുനാൾ ആചരിച്ചു. കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. ചില മലയാളി ദേവാലയങ്ങളിൽ രാത്രി കുർബാനയും ഉണ്ടായിരുന്നു. കോവിഡ് -19 അമേരിക്കയിൽ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കർശനമായ നിയന്ത്രണങ്ങളോടെയാണ് തിരുക്കർമങ്ങൾ നടന്നത്. വൈദികനും മൂന്നോ നാലോ ശുശ്രൂഷകർക്കും മാത്രമേ പള്ളിയിൽ പ്രവേശനം ഉണ്ടായിരുന്നുള്ളു. വിശ്വാസികൾക്കു നേരിട്ടു പങ്കെടുക്കാൻ അനുവാദം വൈദികർ നൽകിയിരുന്നില്ല. എന്നാൽ, ഒട്ടുമിക്ക പള്ളികളും ലൈവ് ടെലികാസ്റ്റിംഗ് ഏർപ്പെടുത്തിയിരുന്നു.
പോയവാരം അമേരിക്കൻ മലയാളികളെ സംബന്ധിച്ചിടത്തോളം എല്ലാ അർഥത്തിലും ദുഃഖത്തിന്റെയും സഹനത്തിന്റെയും ആഴ്ചയായിരുന്നു. അമേരിക്കയിൽ കോവിഡ് 19 ബാധിച്ചുള്ള മരണം ഇരുപതിനായിരം കടന്നു. കോവിഡ് ബാധിച്ച് ഏറ്റവും അധികം ആളുകൾ മരിച്ച രാജ്യം ഇപ്പോൾ അമേരിക്കയാണ്. ഇതിൽനിന്ന് ഉയർത്തെഴുന്നേൽപാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്.