പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഉലകനായകന്‍ കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം വിക്രം. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്തി ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ പുറത്തെത്തിയിരിക്കുകയാണ്. കമല്‍ഹാസനെ കൂടാതെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും, മലയാളികളുടെ പ്രിയ നടന്‍ ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരുടെ ക്ലോസപ്പാണ് പോസ്റ്ററില്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ മൂവരുടെയും കഥാപാത്രങ്ങളുടെ മുഖമാണ് പോസ്റ്ററിലുള്ളത്. കമല്‍ഹാസന്‍ തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ‘ധീരന്മാരാണ് അധികാരത്തിലേറുക’ എന്ന കുറിപ്പിലാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. മാത്രമല്ല കഴിവുറ്റ യുവതാരങ്ങള്‍ക്കൊപ്പം താന്‍ എത്തുകയാണെന്നും മുന്‍‌പത്തെപ്പോലെ വിജയിപ്പിക്കണമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രം നിര്‍മ്മിക്കുന്നത്. സംഗീതം അനിരുദ്ധ്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. ചെന്നൈയില്‍ വൈകാതെ ചിത്രീകരണം ആരംഭിക്കും. 2022ല്‍ തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി.