കോവിഡിന്റെ ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങളെ കോവാക്‌സിന്‍ ഫലപ്രദമായി നിര്‍വീര്യമാക്കുന്നതായി യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്. കോവാക്‌സിന്‍ സ്വീകരിച്ചവരിലുണ്ടായ ആന്റിബോഡികള്‍ ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങളെ നിര്‍വീര്യമാക്കുന്നതായി പഠനത്തില്‍ വ്യക്തമായതായി എന്‍ഐഎച്ച്‌ പറഞ്ഞു. ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്‍ കോവിഡിനെതിരെ 77.8 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം, വാക്‌സിന്റെ മൂന്നാംഘട്ടം പരീക്ഷണങ്ങളുടെ ഫലം പുറത്തുവന്നിട്ടില്ല.
കോവാക്‌സിന്‍ സ്വീകരിച്ചവരുടെ രക്തത്തില്‍നിന്നുള്ള സെറം ഉപയോഗിച്ചുള്ള രണ്ട് പഠനങ്ങളാണ് എന്‍ഐഎച്ച്‌ നടത്തിയത്. വാക്‌സിന്‍ സ്വീകരിച്ചവരുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി യു.കെയില്‍ ആദ്യമായി സ്ഥിരീകരിച്ച ആല്‍ഫ അഥവാ ബി.1.1.7 വകഭേദത്തെയും ഇന്ത്യയില്‍ ആദ്യമായി സ്ഥിരീകരിച്ച ഡെല്‍റ്റ (ബി1.617) വകഭേദത്തെയും ഫലപ്രദമായി നിര്‍വീര്യമാക്കുന്നതായി പഠനത്തില്‍നിന്ന് വ്യക്തമായത്. നിലവില്‍ ഭീഷണിയുയര്‍ത്തുന്ന കോവിഡ് വകഭേദങ്ങള്‍ക്കെതിരെ വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നും പഠനം വ്യക്തമാക്കുന്നു.