ആലപ്പുഴ: കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിനും പരിശോധനയുടെ നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിനുമായി കൂടുതല്‍ കോവിഡ് പരിശോധന കിയോസ്കുകള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിന്റെ ഭാഗമായി രണ്ടു ദിവസത്തിനുള്ളില്‍ ജില്ലയിലെ നഗരസഭാ പരിധിയില്‍ കുറഞ്ഞത് രണ്ട് കിയോസ്കുകള്‍ എങ്കിലും ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ വിവിധ നഗരസഭാ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്കി. കിയോസ്കുകള്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് കലക്ടര്‍ ബന്ധപ്പെട്ടവരുടെ യോഗത്തില്‍ ആവശ്യപ്പെട്ടു.
നഗരസഭാ പരിധിയില്‍ ഇത്തരത്തില്‍ ആരംഭിക്കുന്ന കിയോസ്കുകള്‍ സ്വകാര്യ മേഖലയ്ക്കോ നഗരസഭകളിലുള്ള ആശുപത്രികളിലെ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ക്കോ നടത്താവുന്നതാണ്. സ്വകാര്യ സംരംഭകര്‍ക്കാണ് നടത്തിപ്പ് ചുമതല നല്കുന്നതെങ്കില് കിയോസ്കുകള്‍ പൂര്‍ണമായി അവരുടെ ചെലവില്‍ സ്ഥാപിക്കണം. നഗരസഭകള്‍ അതത് ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ക്കാണ് ചുമതല നല്കുന്നതെങ്കില് കിയോസ്ക് സ്ഥാപിക്കുന്നതിനുള്ള സഹായം നാഷണല്‍ ഹെല്‍ത്ത് മിഷന് നല്‍കും. രണ്ടു ദിവസത്തിനകം കിയോസ്കുകള്‍ തുടങ്ങാനുള്ള നടപടിയെടുക്കാന്‍ ദേശീയ ആരോഗ്യ മിഷനെ കളക്ടര്‍ ചുമതലപ്പെടുത്തി.
കിയോസ്കുകളിലെ പരിശോധനയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസ് ഗുണഭോക്താക്കളില്‍ നിന്ന് ഈടാക്കാവുന്നതാണ്. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്താനുള്ള സൗകര്യമാണ് കിയോസ്കുകളില്‍ ഉണ്ടാവുക. പൊതുജനങ്ങള്‍ക്ക് ആശുപത്രികളില്‍ എത്തി പരിശോധന നടത്തുന്നതിനുള്ള അസൗകര്യം ഇതുവഴി ഒഴിവാകുകയും കൂടുതല്‍ എളുപ്പത്തില്‍ പരിശോധന പൂര്‍ത്തിയാക്കാനും കഴിയും. ശബരിമല സീസണ് ആരംഭിക്കുന്നതും ടൂറിസം മേഖല തുറന്നു കൊടുത്തതും പരിഗണിച്ചാണ് കൂടുതല്‍ പരിശോധനാ സൗകര്യങ്ങല്‍ സര്‍ക്കാര്‍ ആരംഭിക്കുന്നത്.
ചെങ്ങന്നൂര്‍ റെയില്വേസ്റ്റേഷന് സമീപത്ത് കിയോസ്കുകള്‍ കൂടുതല്‍ സ്ഥാപിക്കും. കിയോസ്കുകളില്‍ ഫോണ്‍ നമ്ബറും മറ്റുു വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതുവഴി രോഗികള്‍ക്ക് ഇവിടെ വിളിച്ച് പരിശോധന ക്രമീകരിക്കാനാകും. യോഗത്തില്‍ നഗരസഭാ സെക്രട്ടറിമാര്‍, ഡോ.കെ കെ ദീപ്തി, വിവിധ നഗരസഭയിലെ ആരോഗ്യ വിഭാഗം എന്നിവര്‍ പങ്കെടുത്തു.