ആറായിരത്തോളം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കാലിഫോര്‍ണിയ സര്‍വകലാശാലയിലെ മുന്‍ ഗൈനക്കോളജിസ്റ്റിന് വന്‍ തുക പിഴയായി ഈടാക്കി കോടതി. ഏകദേശം 545 കോടി രൂപ അഥവാ 7.3 കോടി ഡോളറാണ് പ്രതിയായ ജെയിംസ് ഹീപ്സിനെതിരെ കോടതി ചുമത്തിയത്.
ലോസ്‌ഏഞ്ചല്‍സ്, കാലിഫോര്‍ണിയ സര്‍വകലാശാലയിലെ മുന്‍ ഗൈനക്കോളജിസ്റ്റ് കൂടിയാണ് ജെയിംസ് ഹീപ്സ്. ഇയാള്‍ക്കെതിരെ പരാതിയുമായി ആയിരകണക്കിന് സ്ത്രീകളാണ് രംഗത്തെത്തിയത്. ഇതേ തുടര്‍ന്ന് 2019ല്‍ ഇദ്ദേഹത്തിന്‍റെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആദ്യം പരാതി നല്‍കിയെങ്കിലും ഹീപ്സിനെതിരെ പൊലീസും സര്‍വകലാശാലയും നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പരാതിക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് നടപടി ഊര്‍ജിതമാക്കിയത്. അതേസമയം 2017ല്‍ ഹീപ്സിനെതിരെ വകുപ്പുതല അന്വേഷണം തുടങ്ങിയതായി സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കുന്നു. 2018ല്‍ ജോലിയില്‍നിന്ന് വിരമിച്ച ഹീപ്സിന് മറ്റുള്ളവര്‍ക്ക് നല്‍കുന്നതുപോലെ കരാര്‍ നീട്ടി നല്‍കിയില്ലെന്നും സര്‍വകലാശാല വ്യക്തമാക്കി. കരിയറില്‍ ഉടനീളം ഹീപ്സ് രോഗികളായി എത്തിയ സ്ത്രീകളോട് വളരെ മോശമായി പെരുമാറുകയായിരുന്നു. സ്കാനിങ് സമയത്തും മറ്റും ദുരുദ്ദേശത്തോടെ സ്ത്രീകളുടെ രഹസ്യ ഭാഗങ്ങളില്‍ ഇയാള്‍ സ്പര്‍ശിക്കുകയും, നിരവധി പേരെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
1983 മുതല്‍ 2010 വരെ സര്‍വകലാശാലയിലെ സ്റ്റുഡന്‍റ് ഹെല്‍ത്ത് സെന്‍ററില്‍ ഗൈനക്കോളജിസ്റ്റായി പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന കാലത്താണ് കൂടുതല്‍ പീഡനങ്ങളും നടന്നത്. 2014ല്‍ അദ്ദേഹത്തിന് യു.സി.എല്‍.എ ഹെല്‍ത്തില്‍ നിയമനം ലഭിച്ചിരുന്നു. ഈ സമയത്തും സ്ത്രീകള്‍ക്കെതിരായ അതിക്രമം ഇയാള്‍ തുടര്‍ന്നതായി പരാതിക്കാര്‍ വ്യക്തമാക്കുന്നു. ശാരീരികപീഡനത്തിന് പുറമെ മാനസിക പീഡനവും ഇയാള്‍ നടത്തിയിരുന്നതായി അക്ഷേപമുണ്ട്.



