കോംഗോ:ഒന്‍പതോളം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 450,000 ഡോസ് കോവിഡ് വാക്സിനുകള്‍ നശിപ്പിച്ച് കളഞ്ഞതായി ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥന്‍. ആഫ്രിക്കന്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാം മാനേജരായ ഡോ. റിചാഡ് മിഹിഗോയാണ് ഇക്കാര്യം അറിയിച്ചത്. കപ്പലില്‍ മരുന്നുകള്‍ കയറ്റി അയച്ചത് വൈകിയതാണ് കാരണമായത്. മരുന്നുകള്‍ സൂക്ഷിക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ആസ്ട്രസെനെക വാക്സിനുകളാണ് നശിപ്പിച്ചത്.
മലവി, സൗത്ത് സുഡാന്‍, ലൈബീരിയ, മൗറിടാനിയ, ഗാമ്ബിയ, സിയറ ലിയോണ്‍, ഗിനിയ, കൊമൊറൊസ്, കോംഗോ തുടങ്ങിയ രാജ്യങ്ങളിലാണ് വാക്സിനുകള്‍ നശിപ്പിക്കപ്പെട്ടത്.
മെയ് 19ന് പൊതുജനങ്ങളെ സാക്ഷി നിര്‍ത്തിയാണ് മലവി വാക്സിനുകള്‍ നശിപ്പിച്ചത്. ജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റാന്‍ ഇത് അത്യാവശ്യമായിരുന്നുവെന്നും മലവി ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് എത്തിയാലുടനെ വാക്സിനുകള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് വാക്സിനുകള്‍ പാഴായി പോകാതിരിക്കാനുള്ള വഴി. വാക്സിനേഷന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനുള്ള പരിപാടികള്‍ക്കും ആഫ്രിക്കന്‍ രാജ്യങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. 1.2 ബില്യണ്‍ ജനങ്ങളില്‍ 8 മില്യണ്‍ ജനങ്ങള്‍ മാത്രമാണ് ആഫ്രിക്കയില്‍ വാക്സിനുകള്‍ സ്വീകരിച്ചിട്ടുള്ളത്



