കരുത്തരായ ദക്ഷിണാഫ്രിക്കക്ക് മേല്‍ അട്ടിമറി വിജയം നേടി അയര്‍ലന്‍ഡ്. ഇരുവരും തമ്മില്‍ മത്സരിക്കുന്ന പരമ്ബരയിലെ രണ്ടാം ഏകദിനത്തില്‍ 43 റണ്‍സിനാണ് കുഞ്ഞന്മാരായ അയര്‍ലന്‍ഡ് ടീം ദക്ഷിണാഫ്രിക്കക്കെതിരെ അട്ടിമറി ജയം നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അയര്‍ലന്‍ഡിന്റെ ആദ്യ ജയം കൂടിയാണിത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് 48.3 ഓവറില്‍ 247 റണ്‍സില്‍ ഒതുങ്ങി. ലോകോത്തര ബൗളര്‍മാരായ കഗീസോ റബാഡ, ആന്‍ഡ്രൂ നോര്‍ക്യ എന്നിവവരടങ്ങുന്ന കരുത്തുറ്റ ബൗളിംഗ് നിരയുള്ള ദക്ഷിണാഫ്രിക്കക്കെതിരെ തകര്‍പ്പന്‍ സെഞ്ചുറിയുമായി അയര്‍ലന്‍ഡ് ഇന്നിംഗ്‌സിനെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ ആന്‍ഡി ബാല്‍ബീര്‍ണിയാണ് അയര്‍ലന്‍ഡിന്റെ വിജയശില്‍പ്പി. കളിയിലെ താരവും അയര്‍ലന്‍ഡ് ക്യാപ്റ്റന്‍ തന്നെയാണ്. മത്സരത്തിലെ ജയത്തോടെ മൂന്ന് മത്സര ഏകദിന പരമ്ബരയില്‍ 1-0ന് മുന്നിലെത്താനും അയര്‍ലന്‍ഡിന് കഴിഞ്ഞു. പരമ്ബരയിലെ ആദ്യത്തെ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന പരമ്ബരയിലെ മൂന്നാം ഏകദിനം ഇതോടെ നിര്‍ണായകമായിരിക്കുകയാണ്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന് വേണ്ടി പോള്‍ സ്റ്റിര്‍ലിങ്ങും (27) ബാല്‍ബീര്‍ണിയും ചേര്‍ന്ന് ഒന്നാം ഇന്നിങ്സില്‍ 62 റണ്‍സ് നേടി മികച്ച തുടക്കമാണ് നല്‍കിയത്. സ്റ്റിര്‍ലിങ്ങിനെ മടക്കി കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കക്ക് ആശ്വാസം നല്‍കിയത്. പിന്നീട് വന്ന ആന്‍ഡി മക്‌ബ്രൈന് മികച്ച തുടക്കം ലഭിച്ചെങ്കിലും 30 റണ്‍സ് എടുത്ത് നില്‍ക്കെ ഷംസിയുടെ പന്തില്‍ താരം പുറത്തായി. പിന്നീട് ക്രീസില്‍ എത്തിയ ഹാരി ടെക്ടര്‍ ബാല്‍ബീര്‍ണിക്ക് മികച്ച പിന്തുണ നല്‍കി. കരുത്തരായ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കെതിരെ തകര്‍ത്ത് മുന്നേറിയ സഖ്യം മൂന്നാം വിക്കറ്റില്‍ 70 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയതിന് ശേഷമാണ് വേര്‍പിരിഞ്ഞത്. 117 പന്തുകള്‍ നേരിട്ട് 10 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 102 റണ്‍സ് നേടി ബാല്‍ബീര്‍ണി മടങ്ങുമ്ബോള്‍ 41.4 ഓവറില്‍ മൂന്ന് വിക്കറ്റിന് 194 എന്ന നിലയിലായിരുന്നു അയര്‍ലന്‍ഡ്.
പിന്നീട് ക്രീസില്‍ ഒന്നിച്ച ടെക്ടറും ജോര്‍ജ് ഡോക്ക്റെല്ലും കൂടി അയര്‍ലന്‍ഡ് സ്കോര്‍ അതിവേഗം ഉയര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്. ടെക്ടര്‍ 69 പന്തില്‍ 78 റണ്‍സ് നേടിയപ്പോള്‍ ഡോക്ക്റെല്‍ ആയിരുന്നു കൂടുതല്‍ അപകടകാരി വെറും 23 പന്തുകള്‍ നേരിട്ട താരം അഞ്ച് ഫോറുകളും രണ്ട് സിക്സുകളും ഉള്‍പ്പെടെ 45 റണ്‍സാണ് നേടിയത്. ഇരുവരുടെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ അയര്‍ലന്‍ഡ് സ്കോര്‍ 290 റണ്‍സിലെത്തി. ബൗളിങ്ങില്‍ ദക്ഷിണാഫ്രിക്കക്കായി ആന്‍ഡിലി ഫെലുക്കുവായോ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കഗീസോ റബാഡ, കേശവ് മഹാരാജ്, ഷംസി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്കായി ജനീമന്‍ മലാന്‍ (84), റാസി വാന്‍ ഡെര്‍ ഡൂസന്‍ (49) എന്നിവര്‍ക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞത്. എയ്ഡന്‍ മാര്‍ക്രം (5), ക്യാപ്റ്റന്‍ ടെംബ ബാവുമ (10), ഡേവിഡ് മില്ലര്‍ (24) എന്നിവര്‍ നിരാശപ്പെടുത്തി. അയര്‍ലന്‍ഡിനുവേണ്ടി മാര്‍ക്ക് എഡൈര്‍, ജോഷ്വ ലിറ്റില്‍, ആന്‍ഡി മക്‌ബ്രൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ക്രെയ്ഗ് യങ്, സിമി സിങ്, ജോര്‍ജ് ഡോക്ക്റെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.
അതേസമയം, ഏകദിനത്തില്‍ അയര്‍ലന്‍ഡിന്റെ ആദ്യ അട്ടിമറി പ്രകടനമാണ് ഇത്. 2011ല്‍ ഇന്ത്യ കിരീടം നേടിയ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ചതോടെയാണ് അയര്‍ലന്‍ഡിന്റെ പ്രകടനം ശ്രദ്ധിക്കപ്പെടുന്നത്. കെവിന്‍ ഒബ്രീന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് അന്ന് അയര്‍ലന്‍ഡിനെ വിജയത്തിലെത്തിച്ചത്. 2015ലെ ഏകദിന ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെയും അയര്‍ലന്‍ഡ് അട്ടിമറിച്ചിരുന്നു. അടുത്തിടെ അവര്‍ ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചിരുന്നു.



