ന്യൂയോര്‍ക്ക് ∙ കഴിഞ്ഞ 20 വർഷത്തിനിടയിലെ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പിന്റെ നികുതി വരുമാനത്തെ പരാമർശിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് ‘പത്തു വർഷമായി അദ്ദേഹം ഫെഡറൽ ആദായ നികുതികളൊന്നും നൽകിയിട്ടില്ല’ എന്നാണ്. 2000 നും 2015 നും ഇടയിൽ അദ്ദേഹം ഒരു ശതമാനം നികുതി പോലും നൽകിയിട്ടില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് അവകാശപ്പെടുന്നു.

2016 ൽ, അതായത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന വർഷം, വെറും 750 ഡോളർ മാത്രമാണ് ട്രം‌പ് ആദായനികുതിയിനത്തില്‍ നൽകിയതെന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്. 2017 ലും ഇതുതന്നെ സംഭവിച്ചു (പ്രസിഡന്റായി അദ്ദേഹത്തിന്റെ ആദ്യ വർഷം). അതിനുമൻപ്, 2000 നും 2015 നും ഇടയിൽഅദ്ദേഹം നികുതികളൊന്നും നൽകിയില്ല. കാരണം, ലാഭത്തേക്കാൾ കൂടുതൽ നഷ്ടമാണ് അദ്ദേഹം തന്റെ റിട്ടേണില്‍ കാണിച്ചിരിക്കുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എല്ലാ അമേരിക്കന്‍ നികുതിദായകരും വര്‍ഷാവര്‍ഷം കൃത്യമായി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതും, ആദായ നികുതി നല്‍കേണ്ടതും നിര്‍ബന്ധമായിരിക്കെയാണ് പ്രസിഡന്റ് ട്രം‌പ് അത് ചെയ്യാതിരുന്നതെന്നാണ് ടൈംസ് പറയുന്നത്.

വൈറ്റ് ഹൗസ് വാർത്താ സമ്മേളനത്തിൽ ട്രംപ് ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. അവയെ വ്യാജ വാർത്ത എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഫെഡറൽ തലത്തിലും ന്യൂയോർക്ക് സ്റ്റേറ്റിലും അദ്ദേഹം നികുതി നൽകിയിരുന്നു എന്നാണ് ട്രം‌പിന്റെ അഭിഭാഷകന്‍ അലന്‍ ഗാര്‍ട്ടന്‍ പറയുന്നത്. ട്രംപ് ദശലക്ഷക്കണക്കിന് ഡോളർ നികുതി അടച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം 2017ല്‍ 750 ഡോളറാണ് അമേരിക്കയില്‍ ആദായ നികുതി അടച്ചത്. എന്നാല്‍, ഇന്ത്യയിലാകട്ടേ 145,400 ഡോളറോളം നികുതി അടച്ചിട്ടുണ്ട്. അതേ വർഷം പനാമയിൽ 15,598 ഡോളറും ഫിലിപ്പൈൻസിൽ 156,824 ഡോളറും നികുതിയടച്ചിട്ടുണ്ട്.

നിക്സണിന് ശേഷം നികുതി വരുമാനം പരസ്യമാക്കാത്ത അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. എന്തിനധികം, തന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അദ്ദേഹം മറച്ചുവയ്ക്കുന്നത് അദ്ദേഹത്തിന് മറ്റു പലതും മറച്ചു വയ്ക്കാനുണ്ടെന്ന സംശയത്തിന്റെ സൂചനയും നല്‍കുന്നു.

അങ്ങനെ, തീവ്ര യാഥാസ്ഥിതിക അമി ബാരറ്റിനെ സുപ്രീം കോടതി ജഡ്ജിയായി നാമനിർദ്ദേശം ചെയ്തതിനുശേഷം, വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തില്‍ ട്രം‌പിന്റെ നികുതിയെക്കുറിച്ചും പ്രധാന ചര്‍ച്ചാ വിഷയമാകുമെന്നുറപ്പായി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള രണ്ട് സ്ഥാനാർഥികൾ തമ്മിലുള്ള ആദ്യത്തെ തത്സമയ ടെലിവിഷൻ ചർച്ച ഈ ആഴ്ച കാണും. ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനെയാണ് ട്രം‌പ് നേരിടുന്നത്. ഈ നേരിട്ടുള്ള സം‌വാദം ട്രം‌പിന്റെ നികുതി–സാമ്പത്തിക വിഷയങ്ങളെ തീർച്ചയായും ബാധിക്കും.

"അമേരിക്കൻ പൗരന്മാർ തങ്ങളുടെ നേതാക്കളെയും പ്രതിനിധികളെയും കുറിച്ച് കഴിയുന്നത്ര അറിഞ്ഞിരിക്കണം” എന്ന് ബോധ്യപ്പെട്ടതിനാലാണ് നികുതി വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതെന്ന് ന്യൂയോർക്ക് ടൈംസ് എഡിറ്റർ ഇൻ ചീഫ് വ്യക്തമാക്കിയിരുന്നു.