ന്യൂഡല്‍ഹി: കോവിഡ് ലോക്ഡൗണ്‍ നാലാം ഘട്ടത്തിലേക്കു കടന്നതിനു പിന്നാലെ കായികരംഗത്തിന് ഇളവുകള്‍. സ്പോര്‍ട്സ് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും തുറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയത് രണ്ടുമാസമായി നിശ്ചലമായ ഇന്ത്യന്‍ കായികലോകത്തിന് ഉണര്‍വാകും.
കാണികള്‍ക്കുള്ള പ്രവേശനം പൂര്‍ണമായും വിലക്കിയാണ് ലോക്ഡൗണ്‍ നാലാം ഘട്ടത്തില്‍ പുതിയ മാര്‍ഗരേഖ പുറത്തുവിട്ടത്. ഇതോടെ, നിര്‍ത്തിവെച്ച പരിശീലനങ്ങള്‍ പുനരാരംഭിക്കാന്‍ അത്ലറ്റുകള്‍ക്ക് അനുമതിയായി. ഒളിമ്ബിക്സ് മുന്നില്‍കണ്ട് ഒരുങ്ങുന്ന ദേശീയ ക്യാമ്ബുകളിലെ അത്ലറ്റുകള്‍ക്ക് പരിശീലനത്തിന് അനുമതി തേടി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) കഴിഞ്ഞയാഴ്ച കേന്ദ്ര കായിക മന്ത്രാലയത്തെ സമീപിച്ചിരുന്നു.
നിലവിലെ ഇന്ത്യന്‍ കായിക കലണ്ടറില്‍ ഐ.പി.എല്‍ മത്സരമാണ് മുന്നിലുള്ളത്. മാര്‍ച്ചില്‍ നടക്കേണ്ട ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചതാണ്.
സ്റ്റേഡിയം തുറക്കാന്‍ അനുമതി നല്‍കിയതോടെ, കാണികള്‍ക്ക് പ്രവേശനമില്ലാെത അടച്ചിട്ട സ്റ്റേഡിയത്തില്‍ കളി പുനരാരംഭിക്കുന്നതിനെക്കുറിച്ച് ബി.സി.സി.ഐക്ക് ആലോചിക്കാന്‍ അവസരമായി. വരുംദിനങ്ങളില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷ.
അതിനിടെ, വിവിധ കായിക ഫെഡറേഷനുകള്‍ക്ക് സാമ്ബത്തികസഹായമായി കേന്ദ്ര സര്‍ക്കാറില്‍നിന്ന് 220 കോടി ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന് ആവശ്യപ്പെട്ടു.