കോപ്പ അമേരിക്കയിലെ അർജൻ്റീന-കൊളംബിയ സെമിഫൈനലിൽ കണ്ടത് പരുക്കൻ കളി. ഇരു ടീമുകളുമായി ചേർന്ന് ആകെ നടത്തിയത് 47 ഫൗളുകളാണ്. ഇതിൽ 27 എണ്ണം കൊളംബിയ നടത്തിയപ്പോൾ ബാക്കി 20 എണ്ണം അർജൻ്റീനയും നടത്തി. ഫൗളുകളിലാകെ റഫറി 10 വട്ടം മഞ്ഞ കാർഡ് വീശി. 6 കാർഡ് കൊളംബിയക്കും 4 കാർഡ് അർജൻ്റീനയ്ക്കും ലഭിച്ചു. ഇതിൽ കൗതുകം കൊളംബിയക്ക് ലഭിച്ച കാർഡുകളാണ്. അവർക്ക് ലഭിച്ച 6 കാർഡുകളും ഇതിഹാസ താരം ലയണൽ മെസിയെ ഫൗൾ ചെയ്തതിനായിരുന്നു.

മെസിയെ വട്ടമിട്ട് പറക്കുകയായിരുന്നു കൊളംബിയൻ താരങ്ങൾ. താരത്തിന് സ്പേസ് അനുവദിക്കാതിരിക്കാൻ പരുക്കൻ കളി പുറത്തെടുത്ത കൊളംബിയ ഒരുതവണ ഫൗൾ ചെയ്ത് അദ്ദേഹത്തിൻ്റെ കണ്ണങ്കാലിനു മുറിവേല്പിച്ചു. 55ആം മിനിട്ടിൽ മുറിവേറ്റിട്ടും മുഴുവൻ സമയം കളി തുടർന്ന മെസി ഫുട്ബോൾ ലോകത്തിൻ്റെ പ്രശംസയും ഏറ്റുവാങ്ങിയിരുന്നു.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ കൊളംബിയയുടെ മൂന്ന് കിക്കുകൾ തടഞ്ഞ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് ആണ് അർജന്റീനയ്ക്ക് ജയം ഒരുക്കിയത്. ഇതോടെ അർജൻ്റീന-ബ്രസീൽ ഫൈനലിലാണ് കോപ്പ തയാറെടുക്കുന്നത്. ഇന്ത്യൻ സമയം രാവിലെ 5.30ന് ചരിത്രപ്രസിദ്ധമായ മറക്കാന സ്റ്റേഡിയത്തിലാണ് ഫൈനൽ.