വിടവാങ്ങിയ പരിശുദ്ധ ബസേലിയസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ അശരണര്‍ക്കും വേദന അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങള്‍ക്കുമായി ഒട്ടേറെ മികച്ച പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിത്വമായിരുന്നു. അതില്‍ ഏറ്റവും പുരോഗനാത്മകവും പ്രശംസ പിടിച്ചുപറ്റിയതുമായ നിര്‍ണായക തീരുമാനമായിരുന്നു സഭയുടെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ സ്ത്രീകള്‍ക്കും വോട്ടവകാശം നല്‍കി എന്നത്.

സഭയുടെ ഏറ്റവും പ്രധാനപ്പെട്ടതും, അടിസ്ഥാനവുമായ ഇടവകകളില്‍ പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും 2011ല്‍ വോട്ടവകാശം ഏര്‍പ്പെടുത്തി. ഇതിലൂടെ പള്ളി ഭരണത്തിലും, അതുവഴി സഭാ ഭരണത്തിലും, സ്ത്രീകള്‍ നിര്‍ണായക ശക്തിയായി മാറി. പുതുതലമുറയ്ക്കും കുടുംബങ്ങള്‍ക്കും വഴികാട്ടിയായി സഭയുടെ മാനവശേഷി വകുപ്പിന്‍്റെ കീഴില്‍ പ്രത്യേക പദ്ധതികള്‍ അദ്ദേഹം ആസൂത്രണം ചെയ്തു. ലളിതവും നിര്‍മ്മലവുമായിരുന്നു അദ്ദേഹത്തിന്‍്റെ ജീവിതം. ചെറിയ പ്രായത്തില്‍ തന്നെ സഭയുടെ പരമോന്നത പദവികളിലേക്ക് എത്തിയിരുന്നെങ്കിലും, സഭാ നിയമങ്ങള്‍ പിന്തുടരുന്നതിലെ ചിട്ടയും, പെരുമാറ്റത്തിലെ ലാളിത്യവും അദ്ദേഹത്തെ വിശ്വാസികള്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ടവനാക്കി. വിദേശ സഭകളുമായി അദ്ദേഹം നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു.

2013ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്ഥാനമേറ്റ് ആറ് മാസത്തിനകം തന്നെ ബാവയെ വത്തിക്കാന്‍ സ്വീകരിച്ചു. വത്തിക്കാനിലെ കര്‍ശനമായ നിയമങ്ങള്‍ പലതും മാറ്റിവെച്ച്‌ മാര്‍പ്പാപ്പ വളരെയധികം സമയം ബാവയോടൊപ്പം ചിലവഴിച്ചു എന്നതും ശ്രദ്ധേയമാണ്. ഔദ്യോഗിക ചടങ്ങുകളും യാത്ര പറച്ചിലും കഴിഞ്ഞ് വത്തിക്കാനില്‍ നിന്ന് മടങ്ങാന്‍ എത്തിയപ്പോള്‍ വാര്‍ഡുമാരെ വത്തിക്കാന്‍ ഉദ്യോഗസ്ഥരേയും ഞെട്ടിച്ചു കൊണ്ട് തന്‍്റെ ആത്മീയ സഹോദരന് യാത്രയയപ്പ് നല്‍കാന്‍ മാര്‍പ്പാപ്പ തന്നെ നേരിട്ട് എത്തിയത് അവിസ്മരണീയമായ മുഹൂര്‍ത്തവും, വിദേശ സഭകളുമായി അദ്ദേഹം വച്ച്‌ പുലര്‍ത്തിയിരുന്ന മഹത്തായ ബന്ധത്തിന്‍്റെ പ്രതിഭലനവുമായി.

വലിയ ചുമതലയേറ്റ്‌ 11 വര്‍ഷം പിന്നിടുമ്ബോളാണ് അര്‍ബുദരോഗബാധിതനായി അദ്ദേഹം ഈ ലോകത്തോട് വിട പറയുന്നത്. തൃശൂര്‍ കുന്നുംകുളത്ത് നിന്ന് 12 വയസില്‍ അള്‍ത്താര ബാലനായി ശുശ്രൂഷകളില്‍ പങ്കെടുത്തു തുടങ്ങിയ ജീവിതം വിദേശ സഭകളിലടക്കം മികച്ച ബന്ധം പുലര്‍ത്തിയിരുന്ന വലിയ ഇടയനായി ഉയരുകയായിരുന്നു.

കുന്നുംകുളത്തെ നസ്രാണി പൈതൃകത്തിന്‍്റെ സ്വാധീനം തന്‍്റെ ജീവിതത്തില്‍ ഉടനീളം സ്വീകരിച്ച ബാവാ തിരുമേനി വിശ്വാസ കാര്യങ്ങളിലും ആചാര അനുഷ്ഠാനങ്ങളിലും കര്‍ശനമായ നിഷ്ഠ പുലര്‍ത്തിയിരുന്നു. പള്ളി തര്‍ക്ക കേസില്‍ സുപ്രധാനമായ സുപ്രിം കോടതി വിധി വന്ന കാലയളവില്‍ മറ്റു സഭകളുമായുള്ള ചര്‍ച്ചകള്‍ക്ക് കത്തോലിക്കാ ബാവ തന്നെയാണ് മുന്‍കൈ എടുത്തത്.

എഴുപത്തിനാലാമത്തെ വയസില്‍ അദ്ദേഹം വിടവാങ്ങുമ്ബോള്‍ സഭാ വിശ്വാസികള്‍ക്കിടയില്‍ മാത്രമല്ല, സാമൂഹിക, സാംസ്കാരിക, രംഗത്തുള്ള ആളുകളിലും വലിയ വേദനയാണ് ആ വിയോഗം സൃഷ്ടിക്കുന്നത്. പിന്നണിഗായിക കെ.എസ്. ചിത്ര അടക്കമുള്ള പ്രമുഖര്‍ അദ്ദേഹവുമായി പുലര്‍ത്തിയിരുന്ന വ്യക്തിബന്ധം അതിനൊരു ഉദാഹരണമാണ്. കേരള ചരിത്രത്തില്‍ സുപ്രധാനമായ ഏടുകള്‍ പലതും കുറിച്ചതിന് ശേഷമാണ് ബസേലിയസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ കാലയവനികയ്ക്കുള്ളില്‍ മറയുന്നത്.