അവതാർ 3:ഫയർ ആൻഡ് ആഷ് അടുത്ത വർഷം തിയറ്ററുകളിൽ എത്തുമെന്ന് സംവിധായകൻ ജെയിംസ് കാമറൂൺ. ഡിസ്നി ഫാൻസിൻ്റെ ആത്യന്തിക പരിപാടിയായ ഡി 23 ലാണ് ചിത്രത്തിൻ്റെ പേര് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച നടന്ന പരിപാടിയിൽ ജെയിംസ് കാമറൂണിനൊപ്പം താരങ്ങളായ സോ സൽദാനയും സാം വർത്തിംഗ്ടണും പങ്കെടുത്തു.

‘അതിവൈകാരികമായ ഒരവസ്ഥ’ എന്നാണ് മൂന്നാം ഭാ​ഗത്തെ കാമറൂൺ വിശേഷിപ്പിച്ചത്. സിനിമയുടെ കൺസെപ്റ്റ് ആർട്ടും വേദിയിൽ അവതരിപ്പിച്ചു.

”കണ്ണുകൾക്ക് വിരുന്നാകുന്ന ഭ്രാന്തൻ സാഹസികതയുമായാണ് ഇത്തവണയും ഞങ്ങളുടെ വരവ്. ഒപ്പം മനസിൽ ത‌ട്ടുന്ന വൈകാരിക നിമിഷങ്ങളും പ്രതീക്ഷിക്കാം. ഇത്തവണ പണ്ടോറയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രദേശത്തേക്കാണ് നമ്മൾ പോകുന്നത്,” കാമറൂൺ കൂട്ടിച്ചേർത്തു.

‘പണ്ടോറയിലേക്ക് മടങ്ങാൻ തയ്യാറാകൂ’ എന്ന കുറിപ്പിനൊപ്പം 2025 ഡിസംബർ 19-ന് ചിത്രം തീയറ്ററുകളിലെത്തുമെന്ന ഔദ്യോ​ഗിക പ്രഖ്യാപന പോസ്റ്ററും നിർമാതാക്കൾ എക്സിൽ പങ്കുവെച്ചു.

ആദ്യ ഭാ​ഗത്തിന്റെ വിജയത്തെ തുടർന്ന്, ‘അവതാർ: ദി വേ ഓഫ് വാട്ടർ’ എന്ന പേരിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം 2022-ൽ പുറത്തിറങ്ങി. അവതാർ: ഫയർ ആൻഡ് ആഷ്’ എന്ന മൂന്നാം ഭാ​ഗത്തിനുശേഷം 2026-ലും 2028-ലുമായി നാലും അഞ്ചും ഭാ​ഗങ്ങൾ തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.