ന്യൂയോർക്ക്∙74–ാം കേരളപ്പിറവിയോടനുബന്ധിച്ചു കേരളാ സോഷ്യൽ ഡയലോഗ് എന്ന സീരിസിൽ അമേരിക്കയിലെ കലാസാംസ്കാരിക സംഘടനയായ ആർട്ട് ലവേർസ് ഓഫ് അമേരിക്ക (അല) നിരവധി പരിപാടികൾ ഒക്ടോബർ 17 മുതൽ നവംബർ 14 വരെ നടത്തുന്നു. ഈ സീരിസിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ വ്യക്തികൾ പങ്കെടുക്കും.
അല ഒരുക്കുന്ന ഈ കേരള സോഷ്യൽ ഡയലോഗ്സ് എന്ന സീരിസിന്റെ ഉദ്ഘാടനം ഒക്ടോബർ 17 ശനിയാഴ്ച രാവിലെ 11:30 (ന്യൂയോർക്ക് ടൈം) ന് മുൻ എംപി എം.ബി. രാജേഷ് നിർവഹിക്കും.
തുടർന്ന് കേരള ചരിത്രത്തിന്റെ കാണാപ്പുറങ്ങൾ എന്ന ആദ്യ സെഷനിൽ ഡോക്ടർ മാളവിക ബിന്നി സംസാരിക്കുന്നു. നാട്ടുരാജാക്കന്മാർക്കും , പോർട്ടുഗീസ് , ബ്രിട്ടീഷ് അധിനിവേശങ്ങൾക്കും മുൻപുള്ളൊരു കേരളവും അതു രൂപപ്പെട്ടതിനെക്കുറിച്ചും വിവിധ സംസ്കാരങ്ങളുടെ കടന്നുവരവിനെക്കുറിച്ചും ഡോ. മാളവിക ചരിത്ര വസ്തുതകൾ മുൻനിർത്തി സംസാരിക്കുന്നതായിരിക്കും.
ഒക്ടോബർ 24 ശനിയാഴ്ച രാവിലെ 11:30 (ന്യൂയോർക്ക് ടൈം) ന് സമകാലിക മാദ്ധ്യമ രംഗത്തെപറ്റിയുള്ള ചർച്ചയായ “ദി ഫോർത്ത് എസ്റ്റേറ്റ്” എന്ന സെഷനിൽ അനുപമ വെങ്കിടേഷ് നേതൃത്വം നൽകും. അനുപമ നയിക്കുന്ന ഈ സംവാദത്തിൽ, മാദ്ധ്യമരംഗത്തെ പ്രമുഖരായ മുൻ എംപി പി.രാജീവ് ജോണി ലൂക്കോസ്, ഷഹാന നഫീസ, ഡോ. അരുൺകുമാർ, അഭിലാഷ് മോഹനൻ എന്നിവർ സംബന്ധിക്കും.
നവംബർ 1 കേരളപ്പിറവി ദിനത്തിൽ, കർട്ടൻ റെയ്സറായി രാവിലെ 11:30ന് ആരതി രമേഷും, സരിതാ വാര്യരും ചേർന്നൊരുക്കുന്ന മോഹിനിയാട്ടവും തുടർന്ന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ മുൻനിർത്തി പൊതു വിദ്യാഭ്യാസവും സാമൂഹിക പുരോഗതിയും എന്ന വിഷയത്തിൽ മുൻ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി സംസാരിക്കുന്നു. അതോടൊപ്പം, ഷബീർ അലിയും ചിത്ര അരുണും നയിക്കുന്ന ഓർമ്മകളിൽ ബാബുരാജ് എന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കും.
നവംബർ 14 ശനിയാഴ്ച രാവിലെ 11:30നു നടക്കുന്ന അവസാന സെഷനിൽ വൈശാഖൻ തമ്പിയും നാസർ ഹുസൈനും നടത്തുന്ന അഹം ദ്രവ്യാസ്മി എന്ന പ്രത്യേക ശാസ്ത്ര സംവാദപരിപാടിയും ഉണ്ടായിരിക്കുന്നതാണ്.
വെർച്ച്വൽ പ്ലാറ്റ്ഫോമിൽ അല ഒരുക്കുന്ന ഈ പരിപാടികളിലേക്കു എല്ലാ കലാസ്നേഹിതരുടെയും സഹകരണവും പ്രോത്സാഹനവും പ്രതീക്ഷിച്ചു കൊള്ളുന്നു.