തൃക്കരിപ്പൂര്‍: കോപ്പ അമേരിക്കയില്‍ ബ്രസീലിനെതിരെ അര്‍ജന്റിനയുടെ വിജയത്തിനായി ക്ഷേത്രപാലകന് വഴിപാട് നേര്‍ന്ന് ആരാധകന്‍.മറുഭാഗത്ത് ബ്രസീലിന്റെ വിജയത്തിനായി മുത്തപ്പന് പയങ്കുറ്റി നേര്‍ന്ന് ബ്രസീല്‍ ഫാന്‍സ്. കോപ്പയില്‍ ക്ലാസിക്ക് ഫൈനലിന് മുന്നോടിയായി ആവേശം അലതല്ലുകയാണ് കാസര്‍കോട്ടെ ഫുട്ബാള്‍ ഗ്രാമങ്ങളില്‍.

അരങ്ങു തകര്‍ക്കുന്ന കോപ്പ അമേരിക്ക കളിയാട്ടത്തിന്റെ പോസ്റ്ററുകളും കട്ടൗട്ടുകളും തെരുവോരങ്ങളില്‍ ദൃശ്യമല്ലെങ്കിലും ആരാധകര്‍ അകത്തളങ്ങളില്‍ ഇരുന്ന് ആസ്വദിച്ചവരുടെ എണ്ണത്തിന് ഒരു കുറവുമുണ്ടായില്ല.ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രപാലക ക്ഷേത്രത്തിലാണ് അര്‍ജന്റീനയുടെ വിജയത്തിനായി ക്ഷേത്രത്തിലെ പ്രധാന വഴിപാടായ തിരുവപ്പം നേര്‍ന്നത്.ഇതിനായി 500 രൂപയുടെ രശീതും മുറിച്ച്‌ പ്രാര്‍ത്ഥനയോടെ കാത്തിരിക്കയാണ് ഉദിനൂര്‍ സെന്‍ട്രലിലെ മുന്‍ ഫുട് ബാള്‍ താരവും റിട്ട. പട്ടാളക്കാരനുമായ കെ.വി.ശ്രീജേഷ്.എം.ഇ.ജി.ബാംഗ്ലൂരിന്റെ യൂണിറ്റ് ടീമംഗമായ ഈ പട്ടാളക്കാരന്‍ മറഡോണയുടെ കടുത്ത ആരാധകനെന്ന നിലയിലാണ് അര്‍ജന്റീനയുടെയും പിന്നീട് മെസ്സിയുടെയും ആരാധകനായി മാറിയത്. ഇതു പോലെ ബ്രസീലിന് വേണ്ടി പറശ്ശിനിക്കടവ് മുത്തപ്പന് പൈങ്കൂറ്റിനേര്‍ന്നിരിക്കയാണ് ബ്രസീല്‍ ഫാന്‍സ്. അതോടൊപ്പം മാടായിക്കാവിലേക്കും നേര്‍ച്ചയിട്ടു വേറൊരു വിഭാഗം ബ്രസീല്‍ ഫാന്‍സുകാര്‍.

ഫൈനല്‍ മത്സരം കാണാനായി മാത്രം സോണി സിക്സിന്റെ പുതിയ വരിക്കാരായവരും ഇവിടെ നിരവധിയാണ്.