കൊച്ചി : സാക്ഷാൽ ശബരിമല അയ്യപ്പനെ ഹീറോയാക്കി ഒരുക്കിയ ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം . വിദേശത്തടക്കം സൂപ്പർഹിറ്റാണ് മാളികപ്പുറം . കേരള ബോക്സോഫീസ് ട്വിറ്ററിൽ പുറത്ത് വിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം കേരളത്തിൽ നിന്നും 9 ദിവസത്തെ കളക്ഷൻ മാത്രം 8.1 കോടിയാണ്. വേൾഡ് വൈഡ് കളക്ഷനാകട്ടെ 10 കോടി കവിഞ്ഞു. ചിത്രത്തിന്റെ ആദ്യ മൂന്ന് ദിവസത്തെ കേരളത്തിലെ കളക്ഷൻ 2.62 കോടിയാണ്.

ഇതിനു പിന്നാലെ സന്നിധാനം പി ഒ എന്ന പേരിൽ ഒരു ബഹുഭാഷാ ചിത്രവും നിര്‍മ്മാണ ഘട്ടത്തിലേക്ക് കടക്കുകയാണ്. സന്നിധാനം പി ഒ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജീവ് വൈദ്യയാണ്. യോഗി ബാബുവും പ്രമോദ് ഷെട്ടിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. മകരസംക്രമ ദിനമായ ജനുവരി 14 ന് ശബരിമലയില്‍ വച്ചാണ് ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍.

ഇത്തരത്തിൽ തുടർച്ചയായി അയ്യപ്പനെ ഹീറോയാക്കി ചിത്രങ്ങൾ ഇറങ്ങുന്നതിന് കാലം മറുപടി നൽകുമെന്നാണ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ പോസ്റ്റ്. ‘ ഇങ്ങനെ എത്ര സിനിമകൾ വന്നാലും കാലം മറുപടി നൽകുക തന്നെ ചെയ്യും. ലോകം മുന്നോട്ട് തന്നെ പോകും ‘ എന്നാണ് ബിന്ദു അമ്മിണിയുടെ ഫേസ്ബുക്ക് പോസ്റ്റ് .

അയ്യപ്പനാണ് തങ്ങളുടെ സൂപ്പർ ഹീറോയെന്ന് പ്രഖ്യാപിച്ചാണ് ഉണ്ണി മുകുന്ദൻ ചിത്രം പുറത്തിറക്കിയത് . ഇത്തരത്തിൽ ശബരിമല കേന്ദ്രമാക്കി ഇനിയും സിനിമകൾ വരാനുണ്ടെന്നാണ് റിപ്പോർട്ടുകൾ.