കൊച്ചി: അയിഷ സുല്‍ത്താന പ്രതിയായ രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജ്, സംവിധായകന്‍ മേജര്‍ രവി എന്നിവരെ കവരത്തി പോലീസ് വിളിച്ച് വിവരങ്ങള്‍ തേടിയതായി റിപ്പോര്‍ട്ട്. ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കുന്ന ഭരണപരിഷ്‌ക്കാരങ്ങളെ വിമര്‍ശിച്ച് പൃഥ്വിരാജ് ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു. ലക്ഷദ്വീപ് വിഷയത്തിന് കൂടുതല്‍ ജനപിന്തുണ ലഭിക്കാന്‍ പൃഥ്വിരാജിന്റെ ഈ ഇടപെടല്‍ കാരണമായിരുന്നു.
അയിഷ ഫാത്തിമയുമായി ലക്ഷദ്വീപ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മേജര്‍ രവി മലനാട് ന്യൂസിന് വേണ്ടി അഭിമുഖം നടത്തിയിരുന്നു. മേജര്‍ രവി ചീഫ് എഡിറ്ററായിരിക്കുന്ന സ്ഥാപനാണ് മലനാട് ന്യൂസ്. ഒരു ടിവി ചാനല്‍ ചര്‍ച്ചയില്‍ ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കവേ അയിഷ സുല്‍ത്താന നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശമാണ് രാജ്യദ്രോഹക്കേസിന് ആധാരം. ഇതേക്കുറിച്ച് അഭിമുഖത്തില്‍ മേജര്‍ രവി അയിഷ സുല്‍ത്താനയോട് സംസാരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് മേജര്‍ രവിയില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ തേടിയത് എന്നാണ് റിപ്പോര്‍ട്ട്.
രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് അയിഷ സുല്‍ത്താനയെ മൂന്ന് തവണയാണ് കവരത്തി പോലീസ് ചോദ്യം ചെയ്തത്. കേസ് എടുത്തതിന് പിന്നാലെ അയിഷ സുല്‍ത്താനയെ ലക്ഷദ്വീപില്‍ വിളിച്ച് വരുത്തിയാണ് ആദ്യം ചോദ്യം ചെയ്തത്. അയിഷയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുക്കുകയുമുണ്ടായി. കഴിഞ്ഞ ദിവസം കൊച്ചിയിലെ അയിഷയുടെ ഫ്‌ളാറ്റില്‍ എത്തിയ കവരത്തി പോലീസ് വീണ്ടും ചോദ്യം ചെയ്യുകയും ലാപ്‌ടോപ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.



