കൊച്ചി:മാവേലിക്കരയില്‍ ഡോ. രാഹുല്‍ മാത്യുവിനെ മര്‍ദ്ദിച്ചകേസില്‍ പ്രതിയായ പൊലീസുകാരന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവച്ചു. തനിക്ക് അമ്മയെ നഷ്ടമായെന്നും ജാമ്യം നിഷേധിച്ചാല്‍ ജോലിയും കൂടി നഷ്ടമാകുമെന്നാണ് കേസില്‍ പ്രതിയായ പൊലീസുകാരന്‍ കോടതിയില്‍ വാദിച്ചത്. അപ്പോഴത്തെ ദേഷ്യത്തില്‍ ചെയ്തുപോയതാണെന്നും അയാള്‍ കോടതില്‍ പറഞ്ഞു. അതേസമയം തന്നെ മര്‍ദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്‌ടര്‍ രാഹുല്‍ മാത്യു രാജിവച്ചു.

പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നായിരുന്നു ഡോക്ടര്‍ക്കുവേണ്ടി ഡോക്ടര്‍മാരുടെ സംഘടനനായ കെ ജി എം ഒ ചുമതലപ്പെടുത്തിയ അഭിഭാഷകന്റെ വാദം. ഡോക്ടര്‍ രാഹുല്‍ ക്രൂരമര്‍ദ്ദനത്തിനാണ് ഇരയായതെന്നും കേസെടുത്ത് ഏറെനാള്‍ കഴിഞ്ഞിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് നീതിനിഷേധമാണെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് വിധി പറയുന്നത് കോടതി മാറ്റിവയ്ക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടി പ്രതിയുടെ അറസ്റ്റ് പൊലീസ് മനപൂര്‍വം വൈകിപ്പിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്.

പൊലീസ് നടപടിക്കെതിരെ ഒ പി ബഹിഷ്‌കരണമടക്കമുളള പ്രതിഷേധ മാര്‍ഗങ്ങളുമായി മുന്നോട്ടുപോവുകയാണ് ഡോക്ടര്‍മാരുടെ സംഘടന.ഇക്കഴിഞ്ഞ മേയ് 14ന് സിവില്‍ പൊലീസ് ഓഫീസറായ അഭിലാഷ് ചന്ദ്രനാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന രാഹുല്‍ മാത്യുവിനെ മര്‍ദ്ദിച്ചത്. കൊവിഡ് ബാധിത ആയിരുന്നു അഭിലാഷിന്‍റെ അമ്മയുടെ നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സ നല്‍കുന്നതില്‍ വീഴ്‌ച ഉണ്ടായി എന്ന് ആരോപിച്ചായിരുന്നു ഡോക്‌ടറെ മര്‍ദ്ദിച്ചത്.ജൂണ്‍ ഏഴിന് അഭിലാഷിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്‌തിരുന്നു എന്നാല്‍ കൊവിഡ് ബാധിതന്‍ ആയതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല എന്നാണ് പോലീസ് വിശദീകരണം.