വാഷിങ്ടണ്‍: കൊറോണയില്‍ ചൈനയോട് അമേരിക്ക ദേഷ്യത്തിലാണ്. അമേരിക്കയെ വൈറസില്‍ മുക്കിയത് ചൈനയുടെ കുതന്ത്രമാണെന്നാണ് ട്രംപ് ഭരണകൂടം വിലയിരുത്തുന്നത്. നിര്‍ണ്ണായക തെളിവുകളും ട്രംപിന് കിട്ടിക്കഴിഞ്ഞു. വുഹാനിലെ വൈറോളജി ലാബില്‍ ശാസ്ത്രജ്ഞരുടെ പിഴവാണ് വൈറസ് വ്യാപനത്തിന് വഴിയൊരുക്കിയതെന്ന് അമേരിക്ക പറയുന്നു. ചിത്രങ്ങളും തെളിവായി പുറത്തു വിട്ടു. അഞ്ച് രാജ്യങ്ങളുടെ സംയുക്ത ഇന്റലിജന്‍സ് അന്വേഷണവും ചൈനയുടെ വീഴ്ചകള്‍ എണ്ണിയെണ്ണി പറയുന്നു. അമേരിക്കയെ വെട്ടി ലോകശക്തിയാകാനുള്ള ചൈനയുടെ ഗൂഢാലോചനയാണ് സംശയിക്കുന്നത്. ഈ സാഹചര്യത്തില്‍ കരുത്ത നടപടികളിലേക്ക് ട്രംപ് ഭരണകൂടം നീങ്ങുമോ? അമേരിക്കയെ സൈനിക ശക്തിയില്‍ വെല്ലുവിളിക്കുകയാണ് അമേരിക്ക.

ചൈനയ്‌ക്കെതിരെ വീണ്ടും അമേരിക്കയുടെ അപ്രതീക്ഷിത സൈനിക നീക്കം ഉണ്ടായിരിക്കുന്നത്. ദക്ഷിണ ചൈനാക്കടലിലെ തര്‍ക്ക പ്രദേശത്തിന് സമീപം നാല് ബി -1 ബി ഹെവി ബോംബറുകളെയും നൂറുകണക്കിന് സൈനികരെയും അമേരിക്കന്‍ വ്യോമസേന വിന്യസിച്ചിരിക്കുകയാണ്. നാലു ബോംബറുകളും ഗുവാമിലാണ് ലാന്‍ഡ് ചെയ്തിരിക്കുന്നത്. വുഹാനിലെ ലാബില്‍ പരിശോധനയ്ക്ക് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക് കൂടുതല്‍ സാഹചര്യമൊരുക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ പരിഹസിക്കുകയാണ് ചൈന. കൊറോണയോടെ അമേരിക്കയുടെ ഒന്നാം നമ്ബര്‍ പദവി പോകുമെന്നും ഇത് ചൈന കൈക്കലാക്കുമെന്നും പോലും വിലയിരുത്തലുണ്ട്. ഇതിനിടെയാണ് അമേരിക്കയുടെ സൈനിക നീക്കം.

യുദ്ധവിമാനങ്ങളും ഉദ്യോഗസ്ഥരും വെള്ളിയാഴ്ച തന്നെ ഗുവാമിലെ ആന്‍ഡേഴ്‌സണ്‍ എയര്‍ഫോഴ്‌സ് ബേസില്‍ എത്തിയതായി യുഎസ് സ്ട്രാറ്റജിക് കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു, ബി -1 ബി ലാന്‍സറുകളില്‍ മൂന്നെണ്ണം നേരിട്ട് താവളത്തിലേക്ക് പറന്നതായും ഒന്ന് നാവികസേനയെ പരിശീലിപ്പിക്കുന്നതിനായി ജപ്പാന്‍ ഭാഗത്തേക്ക് തിരിച്ചുവിട്ടതായും അറിയിച്ചു. സഖ്യകക്ഷികള്‍, പങ്കാളികള്‍, സംയുക്ത സേന എന്നിവരുമായുള്ള പസഫിക് വ്യോമസേനയുടെ പരിശീലന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ഒന്‍പതാം ബോംബ് സ്‌ക്വാഡ്രണ്‍, ഏഴാം ബോംബ് വിംഗില്‍ നിന്നുള്ള നാല് ബോംബറുകളും 200 ഓളം വ്യോമസേനക്കാരെയുമാണ് വിന്യസിച്ചിട്ടുള്ളത്. ഈ നീക്കങ്ങളാണ് ലോകത്തിന്റെ ഉറക്കം കെടുത്തുന്നത്. ചൈനയ്‌ക്കെതിരെ അമേരിക്ക നീങ്ങിയാല്‍ അത് മറ്റൊരു ലോക മഹായുദ്ധത്തിന് വഴിയൊരുക്കും.

കൊറോണയില്‍ ലോകം ഭയന്ന് വിറയ്ക്കുമ്ബോള്‍ എന്തിനാണ് ഈ നീക്കമെന്ന ചോദ്യവും ലോകരാജ്യങ്ങള്‍ അമേരിക്കയോട് ചോദിക്കുന്നുണ്ട്. എന്നാല്‍ ഇതിനൊന്നും കൃത്യമായ ഉത്തരങ്ങളില്ല. പുതിയ വിന്യാസം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് യുഎസ് വ്യോമസേന വ്യക്തമാക്കിയിട്ടില്ല. ദക്ഷിണ ചൈനാക്കടലില്‍ ഒരു ജോടി ബി -1 ബി ബോംബറുകള്‍ ഫ്‌ളൈഓവര്‍ നടത്തിയതിന് തൊട്ടുപിന്നാലെയാണ് അമേരിക്കന്‍ വ്യോമസേനയുടെ പുതിയ നീക്കങ്ങള്‍. കഴിഞ്ഞ ആഴ്ചയില്‍, യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ ദക്ഷിണ ചൈനാക്കടലിലെ തര്‍ക്കപ്രദേശങ്ങളിലും സാന്നിധ്യം അറിയിച്ചിരുന്നു. ഇതെല്ലാം സംശയങ്ങള്‍ക്ക് ഇടനല്‍കുന്നു.

യുഎസ് ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ തായ്വാന്‍ കടലിടുക്കിലൂടെ രണ്ടുതവണ സഞ്ചരിച്ചു. രണ്ട് തവണയും ചൈനീസ് വിമാനവാഹിനിക്കപ്പല്‍ അടുത്തു വന്നിരുന്നു. വ്യോമ, നാവിക പ്രതിരോധ സംവിധാനങ്ങളുടെ തന്ത്രപ്രധാന നീക്കത്തിലൂടെയാണ് ചൊവ്വാഴ്ച തന്നെ യുഎസ് ഡിസ്‌ട്രോയറിനെ പ്രദേശത്ത് നിന്ന് ചൈന പുറത്തെത്തിച്ചത്. ഇതിനിടെയാണ് കൂടുതല്‍ സൈനിക സന്നാഹം ചൈനയെ ലക്ഷ്യമിട്ട് അമേരിക്ക നടക്കുന്നത്. കൊറോണയില്‍ തര്‍ക്കങ്ങള്‍ കൈവിട്ടാല്‍ എന്തിനും മടിക്കില്ലെന്ന സന്ദേശമാണ് ട്രംപ് ഇതിലൂടെ നല്‍കുന്നത്. അമേരിക്കയില്‍ ഇനി ഇലക്ഷന്‍ കാലമാണ്. വീണ്ടും പ്രസിഡന്റായി ജയിക്കാന്‍ ട്രംപ് എന്തിനും മടിക്കില്ലെന്ന സൂചനകളും പുറത്തു വരുന്നു. ഇതും യുദ്ധ സാധ്യതകളിലേക്ക് സംശയവും ചര്‍ച്ചയും എത്തിക്കുന്നു.

കൊറോണയിലെ വ്യാപനത്തിലെ പ്രധാന കുറ്റവാളി ചൈന തന്നെയെന്നാണ് അമേരിക്ക പറയുന്നത്. കോവിഡ് 19 വൈറസ് പടരാനും കാരണം ചൈനയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ. വുഹാനിലെ വൈറസ് ലാബില്‍ കൊറോണയുള്ള വവ്വാലുകളെ അലസതയോടെയാണ് കൈകാര്യം ചെയ്തത്. ഇതിലെ പിഴവാണ് മനുഷ്യരിലേക്ക് രോഗം എത്തിച്ചതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ലാബില്‍ വവ്വാലുകളെ അലസതയോടെ കൈകാര്യം ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തു വന്നു കഴിഞ്ഞു. ഇതിനൊപ്പം ലോകരാജ്യങ്ങളുടെ സംയുക്ത അന്വേഷണ റിപ്പോര്‍ട്ടും ചൈനയ്ക്ക് എതിരാണ്. ചൈന മാത്രമാണ് ലോകത്തെ കൊറോണ വ്യാപനത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. സത്യസന്ധമായ കാര്യങ്ങള്‍ മറച്ചു വച്ച്‌ കോവിഡ് പ്രതിരോധത്തിനുള്ള സാധ്യത ചൈന മുടക്കിയെന്നാണ് ആരോപണം.

അതിനിടെ ചൈനയെ കുറ്റക്കാരാക്കി വിവിധ രാജ്യങ്ങളുടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പുറത്തുവന്നു. സാര്‍സ് കോവ്-2 വൈറസ് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കു പടരുമെന്ന കാര്യം മറച്ചുവച്ച ചൈന, വാക്‌സിന്‍ നിര്‍മ്മാണത്തില്‍ മറ്റു രാജ്യങ്ങളെ സഹായിക്കാന്‍ തയാറായില്ലെന്നും ‘ഫൈവ് ഐസ്’ രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈന മറച്ചുവയ്ക്കുകയായിരുന്നുവെന്നും യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലെ ചാരസംഘടനകളുടെ സംയുക്ത സംരംഭമായ ‘ഫൈവ് ഐസ്’ കണ്ടെത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ സാറ്റര്‍ഡെ ടെലഗ്രാഫാണ് രേഖകള്‍ പുറത്തുവിട്ടത്. ജനുവരി 23ന് വുഹാന്‍ ലോക്ഡൗണ്‍ ചെയ്യുന്നതിനു മുമ്ബു തന്നെ ആയിരക്കണക്കിന് ആളുകള്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കു സഞ്ചരിച്ചു കഴിഞ്ഞിരുന്നു. ഇതാണ് വ്യാപനത്തിന് കാരണം.

രാജ്യാന്തര സുതാര്യതയ്ക്കു നേരെ നടത്തിയ ആക്രമണമായിരുന്നു ചൈനയുടെ നടപടിയെന്നും 15 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. വിമര്‍ശകരുടെ വായടപ്പിക്കുന്ന നടപടിയാണ് ചൈന സ്വീകരിച്ചത്. കൊറോണ നേരിട്ടതിനെക്കുറിച്ച്‌ ഓണ്‍ലൈനില്‍ ഉയര്‍ന്ന സംശയങ്ങളും ചൈന നീക്കം ചെയ്തു. വൈറസിന്റെ ആദ്യഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈന മറച്ചുവച്ചതാണ് ലോകമാകെ രോഗവ്യാപനത്തിനു കാരണമായതെന്നാണ് റിപ്പോര്‍ട്ടിലെ സൂചനകള്‍. വുഹാനിലെ വെറ്റ് മാര്‍ക്കറ്റിനു സമീപത്തുള്ള വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്നാണ് വൈറസ് പടര്‍ന്നതെന്നതെന്നും ഈ റിപ്പോര്‍ട്ട് പറയുന്നു. ഇത് ചര്‍ച്ചയാക്കി ചൈനീസ് വിരുദ്ധ വികാരം കത്തിക്കുന്നതിനിടെയാണ് അമേരിക്കയുടെ സൈനിക നീക്കം.