മുംബൈ: റോഡ് വീതികൂട്ടല്‍ നയപ്രകാരം അമിതാഭ് ബച്ചന്റെ ബംഗ്ലാവ് ‘പ്രതീക്ഷ’യുടെ ഒരു ഭാഗം മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പൊളിച്ചുനീക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. 2017ല്‍ നല്‍കിയ നോട്ടീസിന്റെ തുടര്‍നടപടിയായി മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മുന്നോട്ട് പോകുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പ്രതീക്ഷയുടെ ഒരു ഭാഗം ഉടന്‍ പൊളിച്ചുനീക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

റോഡ് വീതികൂട്ടുന്നതിനായി പൊളിച്ചുനീക്കേണ്ട കെട്ടിടത്തിന്റെ കൃത്യമായ ഭാഗം നിര്‍ണ്ണയിക്കാന്‍ കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. പദ്ധതിക്ക് ആവശ്യമായ മറ്റ് പ്ലോട്ടുകള്‍ കോര്‍പ്പറേഷന്‍ ഏറ്റെടത്തിരുന്നു. ബച്ചന്റെ ബംഗ്ലാവിനോട് ചേര്‍ന്നുള്ള സ്ഥലത്തിന്റെ മതിലിരിക്കുന്ന സ്ഥലമടക്കം ഏറ്റെടുത്തിരുന്നു.

അമിതാഭ് ബച്ചനും രാജ്കുമാര്‍ ഹിരാനിയും ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് 2017ല്‍ റോഡ് വീതികൂട്ടുന്നത് ചൂണ്ടിക്കാട്ടി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. ബച്ചനെതിരേ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച്‌ കോണ്‍ഗ്രസ് കൗണ്‍സിലര്‍ തുലിപ് ബ്രയാന്‍ മിറാന്‍ഡയാണ് ഇപ്പോള്‍ പ്രശ്‌നം ഉന്നയിച്ചത്. പ്രശ്നത്തില്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നടപടിയെടുക്കുന്നില്ലെന്നും മിറാന്‍ഡ ആരോപിച്ചു.

‘ റോഡ് വീതികൂട്ടല്‍ നയപ്രകാരം 2017 ല്‍ അമിതാഭ് ബച്ചന് ബിഎംസി നോട്ടീസ് നല്‍കിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. നോട്ടീസ് നല്‍കിയിട്ടും എന്തുകൊണ്ടാണ് ആ ഭൂമി ബിഎംസി എടുക്കാത്തത്? ഒരു സാധാരണക്കാരന്റെ ഭൂമിയായിരുന്നുവെങ്കില്‍, ബിഎംസി അത് ഉടനടി ഏറ്റെടുക്കുമായിരുന്നു. നോട്ടീസ് നല്‍കിയ ശേഷം റോഡ് വീതികൂട്ടല്‍ പദ്ധതിക്ക് അപ്പീല്‍ ആവശ്യമില്ല’ – കൗണ്‍സിലര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.