ആഴ്ചകൾ നീണ്ട അഭ്യൂഹങ്ങൾക്കു വിരാമമിട്ട് ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ പൊതുവേദിയിൽ വന്നു. തലസ്ഥാനമായ പ്യോംഗ് യാംഗിനു സമീപം സുഞ്ചോണിൽ ഒരു രാസവള ഫാക്ടറിയുടെ ഉദ്ഘാടനത്തിന്റെ നാടമുറിക്കൽ ചടങ്ങാണു വേദി.
സഹോദരി കിം യോ ജോംഗും ചില മുതിർന്ന ഉദ്യോഗസ്ഥരും ഒത്തു കിം നാട മുറിക്കുന്ന ചിത്രം ഉത്തര കൊറിയൻ വാർത്താ ഏജൻസി പുറത്തുവിട്ടു. ഇതല്ലാതെ സ്വതന്ത്ര തെളിവുകളോ മൊഴികളോ ഇല്ല. ഈ ചിത്രത്തെപ്പറ്റി അഭിപ്രായം പറയാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിസമ്മതിച്ചു.
ഏപ്രിൽ 11നുശേഷം കിമ്മിനെ പരസ്യമായി കണ്ടിരുന്നില്ല. ഹൃദയ ശസ്ത്രക്രിയ നടത്തിയെന്നും അദ്ദേഹം മൃതപ്രായനായെന്നും മസ്തിഷ്ക മരണം സംഭവിച്ചെന്നുമൊക്കെ റിപ്പോർട്ടുകൾ ഉണ്ടായി. ദക്ഷിണ കൊറിയൻ ഭരണകൂടം തുടക്കംമുതലേ ഇത് നിഷേധിച്ചിരുന്നു. പിന്നീടു യുഎസ് പ്രസിഡന്റ് ട്രംപ്, കിം ജീവിച്ചിരിപ്പുണ്ടെന്നു പറഞ്ഞു. ഉത്തര കൊറിയൻ വാർത്താ ഏജൻസി, കിം ചില ലോകനേതാക്കൾക്കു സന്ദേശമയച്ചതു പ്രസിദ്ധീകരിച്ചിരുന്നു.
എങ്കിലും അഭ്യൂഹങ്ങൾ പ്രചരിച്ചു. കിം ആസന്നമരണനാണെന്നും പിൻഗാമിക്കായി കടുത്ത മത്സരം നടക്കുകയാണെന്നുമൊക്കെയായി റിപ്പോർട്ടുകൾ. സഹോദരിയെ പുരുഷാധിപത്യമുള്ള ഉത്തരകൊറിയ നേതാവാക്കില്ലെന്നും പിതൃസഹോദരൻ കിം പ്യോംഗ് ഇലിനാണു സാധ്യതയെന്നുമായി ഒടുവിലത്തെ പ്രചാരണം.
വെള്ളിയാഴ്ച പുറത്തുവിട്ട ചിത്രത്തിൽ സഹോദരി കിം യോ ജോംഗ് ഉള്ളത് പല ഊഹാപോഹങ്ങൾക്കും വിരാമമിട്ടു. മൂന്നാഴ്ച മുന്പ് ഭരണകക്ഷിയുടെ പോളിറ്റ് ബ്യൂറോയിൽ തിരികെക്കയറിയ കിം യോ ജോംഗ് സഹോദരന്റെ മുഖ്യ ഉപദേഷ്ടാവാണ്. ട്രംപുമായുള്ള ചർച്ചയിൽ യോ ജോംഗ് പങ്കെടുത്തിരുന്നു. കിമ്മിന്റെ പ്രതിനിധിയായി ദക്ഷിണ കൊറിയയിൽ പോയതും യോ ജോംഗ് ആണ്.