ഗസ്സയില്‍ വീണ്ടും ഇസ്രായേലിന്‍റെ കൂട്ടക്കൊല. അഭയാര്‍ഥികള്‍ താമസിക്കുന്ന ഗസ്സയിലെ സ്കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നൂറിലധികം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ഔദ്യോഗിക ഫലസ്തീൻ വാർത്താ ഏജൻസി അറിയിച്ചു. അതേസമയം ഹമാസ് കമാൻഡ് സെൻ്ററിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കി.
“ അഭയാര്‍ഥികള്‍ പ്രഭാത നമസ്‌കാരം നിർവഹിക്കുന്നതിനിടെയായിരുന്നു ഇസ്രായേൽ ആക്രമണം. ഇത് മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായി” ഹമാസ് നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ മീഡിയ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.സ്കൂളിന് നേരെയുള്ള ആക്രമണം പരിസരത്ത് വൻ തീപിടിത്തത്തിന് കാരണമായി. കുടുങ്ങിക്കിടക്കുന്ന ഫലസ്തീനികളെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആക്രമണത്തെ ‘ഭയാനകം’ എന്ന് വിശേഷിപ്പിച്ച് ഏജന്‍സി ആക്രമണത്തിനിടെ ചില മൃതദേഹങ്ങള്‍ക്ക് തീപിടിച്ചുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.മൂന്ന് റോക്കറ്റുകളാണ് സ്കൂളിന് മുകളില്‍ പതിച്ചത്.
വ്യാഴാഴ്ച ഗസ്സയിലെ രണ്ട് സ്‌കൂളുകൾക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണം.അതേസമയം 10 മാസം പിന്നിട്ട ഗസ്സ യുദ്ധം അവസാനിപ്പിക്കാന്‍ വെടിനിർത്തൽ പുനരാരംഭിക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. യു.എസ്, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ സംയുക്ത ആഹ്വാനത്തിന് അനുകൂല പ്രതികരണമാണ് ലഭിക്കുന്നത്. പ്രതിനിധിസംഘത്തെ അയക്കാമെന്ന് ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്. ഹമാസ് സംഘത്തെ പങ്കെടുപ്പിക്കാൻ എല്ലാ നീക്കവും നടത്തുമെന്ന് ഖത്തർ ഉറപ്പു നൽകിയതായി വൈറ്റ്ഹൗസ് സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു.
വെടിനിർത്തൽ കരാറിന് വഴങ്ങരുതെന്ന ഇസ്രായേൽ മന്ത്രി സ്മോട്രികിന്‍റെ പ്രസ്താവനയെയും വൈറ്റ് ഹൈസ് വിമർശിച്ചു.അതിനിടെ ലബനാനിലെ സിദോനിൽ ഹമാസ് ഫീൽഡ് കമാണ്ടർ സാമിർ മഹ്മൂദ് അൽ ഹജ്ജ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിനു മറുപടിയായി ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ ഹിസ്ബുല്ല വ്യാപക റോക്കറ്റാക്രമണം നടത്തി. ഗസ്സയിലും ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. മൂന്ന് ദിവസത്തിനിടെ 80,000ത്തിലേറെ പേർ മധ്യ ഗസ്സ വിട്ടു. ഇസ്രായേലിനുള്ള 3.5 ബില്യൻ ഡോളിറിന്‍റെ അമേരിക്കൻ ആയുധങ്ങൾ അടുത്ത കാലത്തൊന്നും അനുവദിക്കാൻ ഇടയില്ലെന്നും റിപ്പോർട്ടുണ്ട്.