ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ അകപ്പെട്ട എല്ലാ മലയാളികളേയും രാജ്യത്ത് തിരിച്ചെത്തിച്ചു. ഇന്ന് രാവിലെ കാബൂളില്‍ നിന്ന് ഗാസിയാബാദ് വിമാനത്താവളത്തിലെത്തിയ വ്യോമസേനയുടെ സി 17 വിമാനത്തിലാണ് എല്ലാവരേയും തിരിച്ചെത്തിച്ചത്. ഇതിന് പുറമെ പ്രത്യേക ഐഎഎഫ് വിമാനത്തില്‍ പാസ്‌പോര്‍ട്ട് ഇല്ലാത്ത നവജാത ശിശുവും ഉണ്ടായിരുന്നു.

168 പേരുമായാണ് വ്യോമസേന വിമാനം ഗാസിയാബാദിലെ ഹിന്റണ്‍ ബേസില്‍ ലാന്‍ഡ് ചെയ്തത്. ഗാസിയാബാദ് വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് അടക്കം നടത്തിയ ശേഷമാമാണ് പുറത്തേയ്‌ക്ക് കടത്തിവിടുന്നത്. ഇവിടെ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ യാത്രക്കാരെ ഡല്‍ഹിയിലെത്തിക്കുകയും ചെയ്തു.

അഫ്ഗാന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി രാജ്യത്ത് ഇതുവരെ 390 പേരെയാണ് തിരികെ എത്തിച്ചത്. വ്യോമസേനയുടെ വിമാനത്തില്‍ തിരിച്ചെത്തിച്ച 168 പേരെ ഇന്നലെ താലിബാന്‍ തടഞ്ഞുവെച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. പരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷമാണ് ഇവരെ താലിബാന്‍ വിട്ടയച്ചത്.