ആയുര്‍വേദ ആചാര്യന്‍ ഡോ പി കെ വാര്യരുടെ വിയോഗത്തില്‍ അനുശോചിച്ച് നടന്‍ മോഹന്‍ലാല്‍. വ്യക്തിപരമായി തനിക്ക് ഏറെ അടുപ്പം ഉണ്ടായിരുന്നു എന്നും അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദന വാക്കുകളില്‍ ഒതുങ്ങുന്നതല്ല എന്നും മോഹന്‍ലാല്‍ പറഞ്ഞു.
‘ആയുര്‍വേദ ആചാര്യന്‍ പദ്മഭൂഷണ്‍ ഡോ: പി.കെ വാര്യരുടെ വിടവാങ്ങല്‍ ലോകത്തിനു തന്നെ തീരാനഷ്ടമാണ്. നിസ്വാര്‍ത്ഥ സേവനത്തിലൂടെ ആതുരസേവനരംഗത്തു തന്നെ മാതൃകയായിരുന്നു അദ്ദേഹം. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദന വാക്കുകളില്‍ ഒതുങ്ങില്ല. ആദരാഞ്ജലികള്‍’, എന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍.
രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആയുര്‍വേദ ചികിത്സാ സ്ഥാപനമായ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു പി.കെ വാര്യര്‍. ജൂണ്‍ എട്ടിനാണ് അദ്ദേഹത്തിന്‍്റെ നൂറാം പിറന്നാള്‍ കഴിഞ്ഞത്. ജന്മദിനം ആഘോഷിക്കുന്ന സമയത്ത് ഡോ.പി.കെ വാര്യര്‍ കൊവിഡ് ബാധിതനായിരുന്നു.
പിന്നീട് അദ്ദേഹം കൊവിഡ് മുക്തി നേടിയെങ്കിലും മൂത്രത്തിലെ അണുബാധയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തെങ്കിലും ശനിയാഴ്ച ഉച്ചയ്ക്ക് 12.25-ഓടെ മരണം സംഭവിക്കുകയായിരുന്നു.



