കിഴക്കൻ ലഡാക്കിലെ ഗൽവാൻ അതിർത്തിയിൽ ബ്രിഗേഡ് തലത്തിൽ ഇരു സേനകളും ഇന്നു ചർച്ച നടത്തി. കാര്യമായ പുരോഗതിയില്ലെന്നു സേനാ വൃത്തങ്ങൾ അറിയിച്ചു. പിൻമാറില്ലെന്നുറച്ച് ചൈനീസ് സേന പട്രോൾ പോയിന്റ് 14നു സമീപം നിലയുറപ്പിച്ചിരിക്കുകയാണ്. പ്രദേശം തങ്ങളുടേതാണെന്നാണ് അവർ ഇപ്പോൾ വാദിക്കുന്നത്. ഇരു സേനകളും അതിർത്തിയിൽ സന്നാഹങ്ങൾ ശക്തമാക്കുന്നു.

ഗൽവാനു പുറമെ ഹോട് സ്പ്രിങ്സിലെ പട്രോൾ പോയിന്റുകളായ 15, 17, പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകൾ എന്നിവിടങ്ങളിലും സ്ഥിതി സംഘർഷഭരിതമാണ്. സംഘട്ടനത്തിലേക്കു കാര്യങ്ങൾ നീങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണു അതിർത്തിയിലെ കമാൻഡർമാർക്കു സേനാ നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്.

അതേസമയം, തങ്ങളുടെ ഭാഗത്തെ മരണസംഖ്യ സ്ഥിരീകരിക്കാൻ ചൈന ഇതുവരെ തയാറായിട്ടില്ല. ഒട്ടേറെ പേരുടെ പരുക്കുകൾ അതീവ ഗുരുതരമായതിനാൽ ഇന്ത്യൻ ഭാഗത്ത് മരണനിരക്ക് ഉയർന്നേക്കാമെന്നാണു വിലയിരുത്തൽ.

സൈനികരുടെ ജീവത്യാഗം വ്യർഥമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. എന്നാല്‍ പ്രകോപിപ്പിച്ചാല്‍ ഏതു സാഹചര്യത്തിലും തക്കതായ മറുപടി നല്‍കാന്‍ ഇന്ത്യയ്ക്ക് അറിയാം. മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിങ് കൂടിക്കാഴ്ചയിലാണ് അദ്ദേഹം നിലപാടറിയിച്ചത്. ചൈനീസ് സൈനികരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച ഇന്ത്യന്‍ ജവാന്മാരെയോര്‍ത്ത് രാജ്യം അഭിമാനിക്കുന്നു. രാജ്യത്തിന്റെ പരമാധികാരവും ഐക്യവുമാണു പ്രധാനമെന്നും മോദി പറഞ്ഞു.

15 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും മുഖ്യമന്ത്രിമാരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും യോഗത്തിൽ പങ്കെടുത്തിരുന്നു. വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ച് 2 മിനിറ്റ് മൗനം ആചരിച്ചു.