ന്യൂഡല്‍ഹി: ലഡാക്കില്‍ സൈനികര്‍ തമ്മിലുളള സംഘര്‍ഷത്തിന് ശേഷം ആദ്യമായി ഇന്ത്യയും ചൈനയും തമ്മില്‍ നയതന്ത്ര തല ചര്‍ച്ചകള്‍ നടത്തി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ അതിര്‍ത്തിയിലെ നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.|
ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ നടന്ന ക്രൂരമായ ആക്രമണങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ജയശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രിയെ അറിയിച്ചു.
അതിര്‍ത്തിയില്‍ നിന്ന് എത്രയും വേഗം സൈനികരുടെ പിന്‍മാറ്റം പൂര്‍ത്തിയാക്കാന്‍ ചര്‍ച്ചയില്‍ തീരുമാനിച്ചതായാണ് വിവരം. സംഘര്‍ഷം രമ്യമായി പരിഹരിക്കുന്നതിനും ധാരണയായി.
അതേസമയം ചൈനീസ് സൈനികരെ പ്രകോപിപ്പിക്കുകയും അക്രമിക്കുകയും ചെയ്തതാണ് കിഴക്കന്‍ ലഡാക്കിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ചൈനയുടെ വാദം. ഇന്ത്യ മുന്‍നിര സൈനികരെ നിയന്ത്രിക്കണമെന്നും സംഘര്‍ഷമുണ്ടാക്കിയവരെ ശിക്ഷിക്കണമെന്നും ചൈനീസ് വിദേശ കാര്യ മന്ത്രി ആവശ്യമുന്നയിച്ചു.