ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് കുടിയേറ്റത്തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിയതോടെ തൊഴില്‍മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ ആളുകളെ ജോലിക്ക് ലഭിക്കാത്ത അവസ്ഥയാണ് പലയിടത്തും. ഡല്‍ഹിയില്‍ 70 ശതമാനം തൊഴിലാളികളും മടങ്ങിയെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഖണ്ഡേല്‍വാല്‍ പറഞ്ഞു. തൊഴിലാളികള്‍ക്കു തിരിച്ചുവരണമെങ്കില്‍ അതതു ജില്ലാ കലക്ടര്‍മാര്‍ സൗകര്യമൊരുക്കുമെന്ന് കേന്ദ്രമന്ത്രിസഭാ യോഗത്തിനുശേഷം മന്ത്രി നിതിന്‍ ഗഡ്കരി മാധ്യമങ്ങളോടു പറഞ്ഞു.

ഫാക്ടറി ജോലികള്‍ക്കും ചുമടെടുക്കാനും ശുചീകരണം, നിര്‍മാണം തുടങ്ങഇയ മേഖലകളിലും കുടിയേറ്റത്തൊഴിലാളികളാണ് പണിയെടുത്തിരുന്നത്. സമീപപ്രദേശങ്ങളായ നോയ്ഡ, ഗാസിയാബാദ്, സോനീപത്, പാനിപ്പത്ത് എന്നിവടങ്ങളില്‍നിന്നു വരുന്നവരാണ് ഡല്‍ഹിയിലെ തൊഴിലാളികളില്‍ 20 ശതമാനം. അതിര്‍ത്തി അടച്ചത് ഇവര്‍ക്കും ബുദ്ധിമുട്ടായി. അതിഥിതൊഴിലാളികള്‍ മടങ്ങിയത് പുണെ മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനവും താളം തെറ്റിച്ചു. പദ്ധതിയില്‍ 4500 തൊഴിലാളികള്‍ ജോലിയെടുത്തിരുന്നു. ഇപ്പോള്‍ 1040 തൊഴിലാളികളേ സ്ഥലത്തുള്ളൂ. തൊഴിലാളികളിലേറെയും പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മടങ്ങിയവരെ തിരിച്ചുവിളിക്കാനാണ് ഇപ്പോള്‍ കരാറുകാരുടെ ശ്രമം.

അതിഥിതൊഴിലാളികളുടെ സാമൂഹികആരോഗ്യ സുരക്ഷ ഉറപ്പാക്കി മടക്കിക്കൊണ്ടുവരാനാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ കേന്ദ്രസര്‍ക്കാരിനു കത്തയച്ചു. അതേസമയം, രാജ്യത്തെ വ്യവസായശാലകളുടെ പ്രവര്‍ത്തനം മുഴുവന്‍ അതിഥിതൊഴിലാളികളെ ആശ്രയിച്ചാണെന്ന ധാരണ ശരിയല്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. അതിഥിതൊഴിലാളികള്‍ പരമാവധി 20 ശതമാനമേ വരൂ. അതില്‍ എല്ലാവരും തിരിച്ചുപോയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Dailyhunt