കണ്ണൂര്‍:ലോക്ക് ഡൗണ്‍ ഇളവുകള്‍ പലതും വന്നിട്ടും തീയേറ്ററുകള്‍ തുറക്കാത്തതു കാരണം തീയേറ്റര്‍ നടത്തിപ്പുകാര്‍ വന്‍പ്രതിസന്ധിയില്‍. ടൂറിസം മേഖലയിലടക്കം ഇളവുകള്‍ നല്‍കിയിട്ടും തങ്ങളോട് കനിയുന്നില്ലെന്ന ആവലാതിയിലാണ് ഈ രംഗത്ത് കോടികള്‍ ഇറക്കിയ തീയേറ്ററുടമകളില്‍ ഭൂരിഭാഗവും.
മിനിമം വൈദ്യുതിബില്‍ ഏഴുലക്ഷമാണ്. ഇതിന്റെ മൂന്നിലൊന്ന് അടക്കണം. ഇത് ഒഴിവാക്കി കിട്ടാന്‍ ആവശ്യപ്പെട്ട് സര്‍ക്കാരിനെ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ കേരള സമീപിച്ചിരുന്നു. ലക്ഷങ്ങളുടെ ജി.എസ്.ടിയും നികുതിയുമെല്ലാം ഉടമകളുടെ മുന്നിലുണ്ട്. അടച്ചിട്ടതിനാല്‍ മോശമല്ലാത്ത വരുമാനമുണ്ടാകേണ്ടിയിരുന്ന വേനലവധിക്കാലം അപ്പാടെ നഷ്ടമായി. ഇനി തുറന്നാലും പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന വിശ്വാസമില്ലെന്നാണ് പല തീയേറ്ററുടമകളുടേയും അഭിപ്രായം
സമീപകാലത്ത് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ പല തീയേറ്ററുകളും വന്‍തുക ചിലവിട്ട് നവീകരിച്ചിരുന്നു. ഇതിനായി എടുത്ത വായ്പാ തിരിച്ചടവ് പൂര്‍ണമായും മുടങ്ങി.. ആമസോണ്‍ പ്രൈംടൈം അടക്കം പുത്തന്‍ സിനിമകളുമായി രംഗത്തുവരുന്നതും വലിയ ഭീഷണിയായാണ് തീയേറ്ററുടമകള്‍ കാണുന്നത്. ഇനി തുറക്കുമ്പോള്‍ ആളുകള്‍ പുതിയ ശീലത്തോട് പൊരുത്തുമെടുമോയെന്ന ആശങ്കയും ഇവര്‍ക്കില്ലാതില്ല. ആരോഗ്യ കാരണമായതിനാല്‍ അടച്ചിടലിനെ പരസ്യമായി വിമര്‍ശിക്കാന്‍ ഉടമകള്‍ക്ക് കഴിയുന്നുമില്ല.
തൊഴിലാളികള്‍ ഒഴിഞ്ഞ് പോകാതിരിക്കാന്‍ ചിലര്‍ കയ്യില്‍ നിന്നെടുത്ത് തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നുണ്ട്. ശമ്പളത്തിന്റെ 80 ശതമാനത്തോളം വരുമിത്. പക്ഷെ, ഇങ്ങനെ എത്രകാലമെന്നാണ് ഉടമകളുടെ ചോദ്യം. സിനിമാ റപ്രസന്റേറ്റീവുമാരുണ്ട്. ഇവരുടെ സ്ഥിതിയാണ് ഏറെ കഷ്ടം. ഇന്നേവരെ അവര്‍ക്ക് സര്‍ക്കാരില്‍നിന്ന് യാതൊരു ആനുകൂല്യവും ലഭിച്ചിട്ടില്ല.
മുന്നില്‍ പട്ടിണിയുമായി തൊഴിലാളികള്‍
സംസ്ഥാനത്ത് അടച്ചിട്ട 670 തീയ്യേറ്ററുകളിലായി ക്ലീനിംഗ്, ഓപ്പറേറ്റര്‍, ബുക്കിംഗ് ഓപ്പറേറ്റര്‍, ഗേറ്റ്മാന്‍, എ.സി ഓപ്പറേറ്രര്‍, ഇലക്‌ട്രീഷ്യന്‍ ജോലി ചെയ്യുന്നവരുടെ കുടുംബങ്ങള്‍ മുഴുപ്പട്ടിണിയുടെ വക്കിലാണ്. ഇവര്‍ക്ക് പുറമെ സമീപത്ത് ഭക്ഷണവില്‍പ്പനയിലും ഓട്ടോ ഓടിച്ചും ജീവിക്കുന്നവരുടെ അവസ്ഥയും ഏതാണ്ട് ഇതുപോലെ തന്നെ.
‘ഇതേ നില തുടര്‍ന്നാല്‍ എത്രകാലം പിടിച്ച്‌നില്‍ക്കാന്‍ കഴിയുമെന്ന് അറിയില്ല. വൈദ്യുതി ബില്ലിന്റെ മൂന്നിലൊന്ന് തുക ഇപ്പോഴും അടക്കണം. മാത്രമല്ല തൊഴിലാളികളെ നിലനിര്‍ത്താന്‍ നല്‍കിയിരുന്ന ശമ്പളത്തിന്റെ 80 ശതമാനമെങ്കിലും കൊടുക്കണം. വായ്പ തിരിച്ചടവ് വേറെയും. കൂടാതെ പ്രൊജക്ടറുകളും മറ്റ് ഉപകരണങ്ങളും ആഴ്ചയില്‍ മൂന്ന് തവണ രണ്ട് മണിക്കൂര്‍ വീതം പ്രവര്‍ത്തിപ്പിക്കണം. വെറുതെ വച്ചാല്‍ ഇവയല്ലാം തൂക്കിവില്‍ക്കേണ്ടി വരും’
കെ.ഉഗ്രന്‍
പാക്കനാര്‍ തിയറ്റര്‍ ഉടമ