തിരുവനന്തപുരം : സംസ്ഥാനത്തെ കൊറോണ വൈറസ് മരണ നിരക്ക് ഇനിയും ഉയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പുമായി സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കൊറോണ രോഗം വ്യാപിക്കാന്‍ തുടങ്ങിയതോടെ പല രാജ്യങ്ങളും ഇപ്പോള്‍ വീണ്ടും അടച്ചുപൂട്ടലിന്റെ സാഹചര്യത്തില്‍ തന്നെയാണ്. ആ സാഹചര്യം ഒഴിവാക്കുന്നതിനാണ് സംസ്ഥാനം ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വൈറസ് പ്രതിരോധത്തില്‍ സംസ്ഥാനം ഏറെ മുന്നോട്ട് പോയിരുന്നെന്നും ശൈലജ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് വരും ദിനങ്ങള്‍ ഏറെ നിര്‍ണായകമായിരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ കൊറോണ കേസുകള്‍ വര്‍ധിച്ചു. പല രാജ്യങ്ങളും ഹെര്‍ഡ് ഇമ്യൂണിറ്റി എന്ന സമീപനമായിരുന്നു കോവിഡ് പ്രതിരോധത്തില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ കേരളം ആ മാര്‍ഗമല്ല സ്വീകരിച്ചത്. അടച്ചുപൂട്ടല്‍ എന്ന സാഹചര്യം ഒഴിവാക്കാനാണ് സംസ്ഥാനം ഇപ്പോള്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ ഒരു രീതിയിലും സഹകരിച്ചില്ലെങ്കില്‍ ഇതല്ലാതെ മറ്റ് വഴികളില്ലെന്ന് വരുമെന്നും മന്ത്രി അറിയിച്ചു.

ജനസാന്ദ്രത കൂടിയതും ജനിതക ശൈലീ രോഗങ്ങള്‍ വര്‍ധിച്ചതുമാണ് കേരളത്തെ ഇത്തരത്തില്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ ഗ്രാഫ് വളരെ താഴ്ത്തിക്കൊണ്ടുവരാനും പകര്‍ച്ചയുടെ ഗ്രാഫ് കുറയ്ക്കാനും ശ്രമിച്ചു. അതുകൊണ്ട് കോവിഡിന്റെ ആദ്യ കേസു മുതല്‍ ഇന്നു വരെ കോവിഡിന്റെ ഗ്രാഫ് താഴ്ത്താന്‍ എല്ലാ ഇടപെടലും നടത്തുന്നുണ്ട്. ചില ഘട്ടങ്ങളില്‍ നന്നായി വിജയിച്ചു. ഗ്രാഫ് താഴ്ത്തി സീറോ ലെവലില്‍ എത്തിക്കാനും മരണനിരക്ക് വളരെ കുറച്ച്‌ നിര്‍ത്താനും സാധിച്ചു. വ്യാപന നിരക്കും ഒരു ഘട്ടത്തില്‍ കുറച്ചു നിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്.

കേരളത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 1,67, 939 പേര്‍ക്കാണ്. 1,14,530 പേര്‍ രോഗമുക്തി നേടി. കേരളത്തില്‍ രോഗമുക്തി നിരക്ക് കുറവല്ല. ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാല്‍ മാത്രമേ കേരളത്തില്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുന്നുള്ളൂ. ചിലര്‍ക്ക് പത്താം ദിവസവും മറ്റു ചിലര്‍ക്ക് പതിനഞ്ചാം ദിവസവും നെഗറ്റീവ് ആകും. നെഗറ്റീവ് ആകാന്‍ പലര്‍ക്കും വേണ്ടത് വ്യത്യസ്ത സമയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.