ഭക്ഷ്യവിഷബാധയേറ്റെന്നു കരുതി സംസ്ഥാനത്ത് ചർച്ചാ വിഷയമായ കോളേജ് വിദ്യാർത്ഥിനിയും കാസർകോട് സ്വദേശിനി അഞ്ജുശ്രീ പാർവതി (19) യുടെ മരണം ആത്മഹത്യയാണെന്ന് വ്യക്തമായതിനു പിന്നാലെ മരണകാരണം തേടി പോലീസ്. ഭക്ഷ്യവിഷബാധയല്ലെന്നും വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ അഞ്ജുവിൻ്റേത് ആത്മഹത്യയെന്ന് സംശയിക്കാവുന്ന കുറിപ്പും പൊലീസിന് ലഭിച്ചിരുന്നു. എലിവിഷം ഉള്ളിൽ ചെന്നാണ് അഞ്ജു കമരണപ്പെട്ടതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്. മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും കുട്ടിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയെന്നും ഇത് കരളിനെ ബാധിച്ചതാണ് മരണകാരണമെന്നും പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഭക്ഷ്യവിഷബാധയേറ്റല്ല മരണം സംഭവിച്ചിച്ചതെന്ന സ്ഥിരീകരിച്ചതിന് പിന്നാലെ അന്വേഷണം ഊർജിതമാക്കി പൊലീസ് രംഗത്തെത്തിയിരുന്നു.
പെണ്‍കുട്ടിയുടെ മൊബൈല്‍ പരിശോധന നടത്തിയ പോലീസിന് അഞ്ജുവിന് ഒരു ആണ്‍കുട്ടിയോട് അടുപ്പമുണ്ടായിരുന്നു എന്ന് വ്യക്തമായിരുന്നു. ഒന്നരമാസം ഇയാള്‍ കാന്‍സര്‍ ബാധിച്ച് മരണമടഞ്ഞിരുന്നു. രണ്ടു കൊല്ലമായുള്ള അടുപ്പമായിരുന്നു ഇത്. താന്‍ കടുത്ത മാനസീക സമ്മര്‍ദ്ദത്തിലായിരുന്നു എന്നും എല്ലാവരോടും യാത്ര പറയുന്നു എന്നും അഞ്ജു എഴുതിയ കുറിപ്പാണ് പോലീസിൻ്റെ കൈവശം കിട്ടിയിരിക്കുന്നത്. ഇക്കാര്യം വീട്ടുകാർക്കും അറിയാമായിരുന്നു എന്നുള്ള സൂചനകളും പുറത്തു വരുന്നുണ്ട്. എന്നാൽ കുഴിമന്തി വാങ്ങിയ ഹോട്ടൽ സംശയത്തിൻ്റെ പേരിൽ ജനങ്ങൾ അടിച്ചു തകർത്തപ്പോഴും ഇക്കാര്യങ്ങളെക്കുറിച്ച് വീട്ടുകാർ മിണ്ടിയില്ലെന്നാണ് പൊലീസ് നൽകുന്ന സൂചനകൾ. വിഷം അകത്തുചെന്ന് പെൺകുട്ടിയുടെ കരളിനും ആന്തരികാവയവങ്ങൾക്കും തകരാർ സംഭവിച്ചിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിൻ്റെ ലക്ഷണമാണ്. പൊലീസ് നടത്തിയ പരിശോധനയിൽ എലിവിഷത്തെക്കുറിച്ച് അഞ്ജുശ്രീയുടെ മൊബൈലിൽ സെർച്ച് ചെയ്തതിന്റെ വിവരങ്ങളും ഒരു കുറിപ്പും കണ്ടെത്തിയതായുള്ള സൂചനകളും പുറത്തു വരുന്നുണ്ട്. രാസ പരിശോധനയുടെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഭക്ഷ്യ വിഷബാധ അല്ലെങ്കിൽ മരണത്തിന് മറ്റ് കാരണങ്ങൾ എന്തെന്ന് കണ്ടെത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. സാധാരണ ഭക്ഷ്യവിഷബാധയേറ്റാൽ ശരീരത്തിലുണ്ടാകുന്ന രാസപ്രക്രിയകളൊന്നും അഞ്ജുവിന്റെ ശരീരത്തിലുണ്ടായിട്ടില്ല എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തുടർന്നുള്ള വിശദ പരിശോധനയിലാണ് വിഷാംശ സാന്നിധ്യം കണ്ടെത്തുന്നത്. എലിവിഷം പോലുള്ള വിഷാംശം ശരീരത്തിൽ ചെന്നതിനുള്ള ചില തെളിവുകളും ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ കരളിനാണ് ഏറ്റവും കൂടുതൽ പ്രശ്നം ഉണ്ടായതെന്നും പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. കരൾ അടക്കം ആന്തരികാവയവങ്ങൾ പ്രവർത്തന രഹിതമായിരുന്നു. ഇതേത്തുടർന്ന് വിദ്യാർത്ഥിനിയുടെ ആന്തരികാവയവങ്ങൾ ഫൊറൻസിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കുകയായിരുന്നു.
ഡിസംബർ 31ന് അടുക്കത്ത് ബയൽ അൽ റൊമാൻസിയ ഹോട്ടലിൽ നിന്ന് പാഴ്സലായി വാങ്ങിയ കുഴിമന്തി അഞ്ജുശ്രീ കഴിച്ചിരുന്നു. ഇത് കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധ മൂലമാണ് മരണമെന്നാണ് ആദ്യം കരുതിയിരുന്നത്. കുഴിമന്തി, മയോണൈസ്, ഗ്രീൻചട്ണി, ചിക്കൻ 65 എന്നിവയാണ് കഴിച്ചതെന്നാണ് വിവരം. എന്നാൽ കുഴിമന്തിയല്ല മരണകാരണമെന്ന വിവരങ്ങൾ പുറത്തു വന്നതോടെ വലിയ ദുരൂഹതയാണ് ഈ വിഷയത്തിൽ ഉയർന്നത്. അഞ്ജുശ്രീക്കൊപ്പം കുഴിമന്തി കഴിച്ച മറ്റാർക്കും പ്രശ്നമില്ലെന്നുള്ളതും വലിയ സംശയങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
അന്ന് പാഴ്സൽ വാങ്ങിയ കുഴിമന്തി അഞ്ജുശ്രീയെ കൂടാതെ അമ്മയും അനുജനും ബന്ധുവായ പെൺകുട്ടിയും കഴിച്ചിരുന്നു. പിറ്റേദിവസം രാവിലെ അഞ്ജുശ്രീക്കും ബന്ധുവായ പെൺകുട്ടിക്കും ഛർദ്ദിയും ക്ഷീണവുമുണ്ടാകുകയായിരുന്നു. എന്നാൽ മറ്റുള്ളവർക്ക് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. ബന്ധുവായ കുട്ടിക്കും കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന വിവരങ്ങളും അതിനുപിന്നാലെ പുറത്തു വന്നിരുന്നു. ഛർദ്ദിച്ച് അവശയായ അഞ്ജുശ്രീയെ കാസർകോട് ദേളിയിലുള്ള സ്വകാര്യ ആശുപത്രിയിൽ കാണിക്കുകയും പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു.
നാലു ദിവസങ്ങൾക്കു ശേഷം ജനുവരി അഞ്ചിന് അഞ്ജുശ്രീക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു. തുടർന്ന് ആദ്യം കാണിച്ച അതേ ആശുപത്രയിൽത്തന്നെ അഞ്ജുശ്രീയെ കൊണ്ടുപോയി. തുടർന്ന് രക്തം പരിശോധിച്ചു. ആൻഎറി ബയോട്ടിക് ഉൾപ്പടെയുള്ള ചികിത്സ നൽകി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ അഞ്ജുവിന് ബോധക്ഷയമുണ്ടാകുകയായിരുന്നു. തുടർന്നാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഏഴിന് രാവിലെ മരണം അഞ്ജുശ്രീയുടെ ആരോഗ്യനില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.